വൈഫൈ പേര് ‘തീവ്രവാദി’ എന്നാക്കി; ഇസ്രയേലിൽ വിമാനം ഇറക്കിയത് യുദ്ധവിമാനങ്ങളുടെ കാവലിൽ
തെൽ അവീവ്: വിമാനത്തിനുള്ളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടിന് ‘തീവ്രവാദി’ എന്ന് പേരിട്ടതിനെ തുടർന്നുണ്ടായ സുരക്ഷാ ആശങ്കയിൽ വിസ് എയർ വിമാനത്തെ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട W95301 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിമാനത്തിലെ ഒരു യാത്രക്കാരൻ തന്റെ വൈഫൈ ഹോട്ട്‌സ്‌പോട്ടിന്റെ പേര് അറബിയിൽ ‘തീവ്രവാദി’ എന്നർത്ഥം വരുന്ന വാക്കാക്കി മാറ്റുകയും സഹയാത്രികർക്ക് സനദേശങ്ങൾ അയക്കാൻ ശ്രമിക്കുകയും ചെയ്തതാണ് പരിഭ്രാന്തിക്ക് കാരണമായത്. ഇത് ശ്രദ്ധയിൽപ്പെട്ട ദമ്പതികൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഭീഷണി സന്ദേശമാണെന്ന സംശയത്തെത്തുടർന്ന് വിമാനത്തിലെ ജീവനക്കാർ ഇസ്രയേൽ സുരക്ഷാ സേനയെ വിവരം അറിയിച്ചു.
തുടർന്ന് ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ആകാശത്തുവെച്ച് വിമാനത്തെ തടയുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെ അകമ്പടി സേവിക്കുകയും ചെയ്തു. വിമാനം നിലത്തിറക്കിയ ഉടൻ ബോംബ് സ്‌ക്വാഡും നായ്ക്കളും യാത്രക്കാരെയും അവരുടെ ലഗേജുകളും വിശദമായി പരിശോധിച്ചു. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഒരു യാത്രക്കാരന്റെ പക്വതയില്ലാത്ത പെരുമാറ്റം മാത്രമായിരുന്നു ഇതെന്ന് പരിശോധനയിൽ വ്യക്തമായി.
വിമാനത്തിൽ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൃത്യമായ സുരക്ഷാ നടപടിക്രമങ്ങളാണ് പാലിച്ചതെന്ന് ഇസ്രയേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.
ഏറ്റവും കൂടുതൽ ഉപഭോക്തൃ പരാതികൾ ലഭിക്കുന്ന എയർലൈനുകളിൽ ഒന്നായി വിസ് എയർ മാറിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ തങ്ങളുടെ സേവനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കാൻ 12 ബില്യൺ പൗണ്ടിന്റെ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും എയർലൈൻ അധികൃതർ പ്രതികരിച്ചു.