06/03/2026
[fontresizer_tawhidurrahmandear_widget]

ജയിൽ മോചിതരായത് 20,000 പേർ: കാരുണ്യ പ്രവൃത്തിയുമായി ദുബൈ വ്യവസായി; പുണ്യമാസത്തിൽ കൂടുതൽ പേർ പുറത്തേക്ക്

 ജയിൽ മോചിതരായത് 20,000 പേർ: കാരുണ്യ പ്രവൃത്തിയുമായി ദുബൈ വ്യവസായി; പുണ്യമാസത്തിൽ കൂടുതൽ പേർ പുറത്തേക്ക്

ദുബൈ: യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഫിറോസ് മർച്ചന്റ് 20,000-ലധികം തടവുകാർക്ക് മോചനമൊരുക്കി മാതൃകയാകുന്നു. പ്യുർ ഗോൾഡ് ജ്വല്ലേഴ്‌സ് സ്ഥാപകനായ അദ്ദേഹം, കടക്കെണിയിലായി ജയിലിൽ കഴിയുന്നവർക്ക് പുതുജീവിതം നൽകുന്ന ദൗത്യം രണ്ട് പതിറ്റാണ്ടുകളായി തുടരുകയാണ്. 2008 മുതൽ ആരംഭിച്ച ഈ കാരുണ്യയാത്രയിലൂടെ ഇതിനോടകം 20,497ലധികം പേർ മോചിപ്പിക്കപ്പെട്ടു.

ഈ വിശുദ്ധ റമദാൻ മാസത്തിലും സദ്പ്രവൃത്തി അദ്ദേഹം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷം ഇതുവരെ 497 പേരെയാണ് ജയിൽ മോചിതരാക്കിയത്. റമദാൻ അവസാനിക്കുന്നതോടെ കൂടുതൽ തടവുകാരെ സ്വതന്ത്രരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അബുദാബി ആസ്ഥാനമായുള്ള ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് അദ്ദേഹം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 50ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,972 തടവുകാരെ വിട്ടയയ്ക്കാൻ 2.4 ദശലക്ഷം ദിർഹമാണ് അദ്ദേഹം ചെലവാക്കിയത്. ഇതിനുപുറമെ മോചിതരാകുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും അദ്ദേഹം നൽകുന്നു.

തടവുകാരുടെ മോചനത്തിന് പുറമെ കാൻസർ, വൃക്ക രോഗികൾക്കുള്ള ചികിത്സാ സഹായത്തിലും ഫിറോസ് മർച്ചന്റ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വർഷം കാൻസർ ചികിത്സാ സഹായത്തിനായി 10 ലക്ഷം ദിർഹം വരെ ചെലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. യുഎഇയിലെ ഏഴ് എമിറേറ്റുകളിലും പള്ളികൾ നിർമിക്കാനുള്ള വിപുലമായ പദ്ധതിയും അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. തനിക്ക് ഇത്രയേറെ നേട്ടങ്ങൾ നൽകിയ രാജ്യത്തിന് തിരികെ നൽകാനുള്ള കടമയായാണ് ഈ പ്രവർത്തനങ്ങളെ കാണുന്നതെന്ന് മർച്ചന്റ് പറഞ്ഞു.

Also read: