02/03/2026
[fontresizer_tawhidurrahmandear_widget]

എപ്സ്റ്റീനുമായി രഹസ്യബന്ധം: ബ്രിട്ടീഷ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ അറസ്റ്റിൽ

 എപ്സ്റ്റീനുമായി രഹസ്യബന്ധം: ബ്രിട്ടീഷ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ അറസ്റ്റിൽ

ചാള്‍സ് രാജാവിനൊപ്പം ആന്‍ഡ്ര്യൂ, ആന്‍ഡ്ര്യൂ

ലണ്ടന്‍: വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ അറസ്റ്റിലായി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിനാണ് തേംസ് വാലി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

66-ാം ജന്മദിനത്തിലാണ് ആൻഡ്രൂ അറസ്റ്റിലായത്. നോർഫോക്കിലെ സാൻഡ്രിങ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമിലെ വസതിയിൽ വെച്ചായിരുന്നു അറസ്റ്റ് നടപടികൾ. സിവിലിയൻ വേഷത്തിലെത്തിയ എട്ടോളം പോലീസ് ഉദ്യോഗസ്ഥർ ആറ് ഔദ്യോഗിക വാഹനങ്ങളിലായാണ് ഇവിടെ എത്തിയത്.

യുകെ വ്യാപാര ദൂതനായിരുന്ന കാലഘട്ടത്തിൽ ഔദ്യോഗികവും അതീവ രഹസ്യസ്വഭാവമുള്ളതുമായ സർക്കാർ രേഖകൾ ജെഫ്രി എപ്സ്റ്റീന് ആൻഡ്രൂ കൈമാറി എന്നതാണ് പ്രധാന ആരോപണം. സിംഗപ്പൂർ, ഹോങ്കോങ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെ വ്യാപാര റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. അടുത്തിടെ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ‘എപ്സ്റ്റീൻ ഫയലുകൾ’ എന്നറിയപ്പെടുന്ന ദശലക്ഷക്കണക്കിന് രേഖകളിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

ആൻഡ്രൂവിന്റെ അറസ്റ്റിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അന്വേഷണത്തോടും തുടർനടപടികളോടും പൂർണമായി സഹകരിക്കുമെന്നും ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി. നേരത്തെ തന്നെ ആൻഡ്രൂവിന്റെ രാജകീയ പദവികളും സൈനിക സ്ഥാനങ്ങളും രാജാവ് റദ്ദാക്കിയിരുന്നു.

2019-ൽ ജയിലിൽ മരിച്ച ജെഫ്രി എപ്സ്റ്റീനുമായുള്ള ആൻഡ്രൂവിന്റെ ദീർഘകാല സൗഹൃദം ഏറെ വിവാദമായിരുന്നു. എപ്സ്റ്റീൻ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന ആരോപണം ആൻഡ്രൂവിനെതിരെ നേരത്തെ ഉയർന്നിരുന്നു. വെർജീനിയ ഗിയുഫ്രെ എന്ന യുവതി നൽകിയ ലൈംഗിക പീഡനക്കേസ് കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിലൂടെയാണ് ആൻഡ്രൂ അവസാനിപ്പിച്ചത്.

വിവാദങ്ങളെത്തുടർന്ന് രാജകീയ ചുമതലകളിൽനിന്ന് ആൻഡ്രൂവിനെ നേരത്തെ മാറ്റിനിർത്തിയിരുന്നു. മൗണ്ട്ബാറ്റൻ വിൻഡ്സർ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. ആരും നിയമത്തിന് അതീതരല്ലെന്നും പ്രസക്തമായ വിവരങ്ങളുള്ള ആരും അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read: