മന്ത്രി സ്ഥാനം തിരികെ നൽകാത്തതിൽ വിരോധം; ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി മൊഴി
കൊട്ടാരക്കര: മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്തതിലുള്ള വിരോധം മൂലം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലൈംഗികാരോപണക്കേസിൽ കുടുക്കുമെന്ന് കെ.ബി ഗണേഷ്കുമാർ പറഞ്ഞിരുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ. ഉമ്മൻചാണ്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന സുധീർ മലയിലാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം മൊഴി നൽകിയത്. സോളാർ കേസ് പ്രതിയുടെ കത്തിൽ ഗൂഢാലോചനയിലൂടെ നാലു പേജുകൾ അധികമായി കൂട്ടിച്ചേർത്ത് ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം സാക്ഷിയാണ് സുധീർ.
2013ൽ ഗാർഹിക പീഡനക്കേസിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഗണേഷ്കുമാർ, പിന്നീട് മടങ്ങിവരാൻ ശ്രമിച്ചെങ്കിലും അത് നടക്കാത്തതിലുള്ള നീരസമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് മൊഴിയിൽ പറയുന്നു. ഉമ്മൻചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും പാഠം പഠിപ്പിക്കുമെന്നും പെണ്ണുകേസിൽ പ്രതിയാക്കുമെന്നും അന്ന് തന്നോട് നേരിട്ട് പറഞ്ഞിരുന്നതായി സുധീർ കോടതിയെ അറിയിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെട്ടപ്പോഴാണ് ഗൂഢാലോചനയുടെ വ്യാപ്തി തനിക്ക് ബോധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഭാഷകൻ സുധീർ ജേക്കബ് നൽകിയ കേസിൽ സോളാർ പ്രതി ഒന്നാം പ്രതിയും മന്ത്രി കെ.ബി ഗണേഷ്കുമാർ രണ്ടാം പ്രതിയുമാണ്. വാദിഭാഗത്തിനുവേണ്ടി അഭിഭാഷക ജോളി ഹാജരായി.