പഴയ സിം കാർഡുകളിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം; വൈറൽ വീഡിയോയുമായി ചൈനീസ് യുവാവ്
ബെയ്ജിങ്: പഴയ സിം കാർഡുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്ന യുവാവിന്റെ വീഡിയോ ചൈനയിൽ വലിയ ചർച്ചയാകുന്നു. തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്നുള്ള ക്വിയാവോ എന്ന യുവാവാണ് തന്റെ പരീക്ഷണത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ഈ പ്രക്രിയ അത്യന്തം അപകടകരമാണെന്നും സാധാരണക്കാർ ഇത് അനുകരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, സ്‌ക്രാപ്പിൽ നിന്ന് വിലയേറിയ ലോഹങ്ങൾ ശുദ്ധീകരിക്കുന്ന ജോലിയാണ് ക്വിയാവോ ചെയ്യുന്നത്. കഴിഞ്ഞ മാസം 20ന് അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ, രണ്ട് ടണ്ണോളം വരുന്ന ഇലക്ട്രോണിക് അവശിഷ്ടങ്ങൾ ഉപയോഗിച്ച് 191 ഗ്രാം സ്വർണം നിർമിക്കുന്നത് കാണാം. ഇതിന് ഏകദേശം 200,000 യുവാൻ (ഏകദേശം 23 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മൂല്യമുണ്ട്.
രാസവസ്തുക്കൾ നിറച്ച ഡ്രമ്മുകളിൽ സിം കാർഡുകളും മറ്റ് ഇലക്ട്രോണിക് മാലിന്യങ്ങളും നിക്ഷേപിച്ച്, വിവിധ ഘട്ടങ്ങളിലെ രാസപ്രക്രിയകൾക്കും ചൂടാക്കലിനും ശേഷമാണ് സ്വർണം വേർതിരിച്ചെടുത്തത്. സിം കാർഡുകളുടെ ഈടുനിൽപ്പിനായി അവയിൽ സ്വർണം പൂശാറുണ്ടെങ്കിലും, ഒരു കാർഡിൽ 0.001 ഗ്രാമിൽ താഴെ മാത്രമേ സ്വർണമുണ്ടാകൂ എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വീഡിയോ വൈറലായതോടെ പഴയ സിം കാർഡുകൾ ഓൺലൈനിൽ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് പലരും. എന്നാൽ ആവശ്യമായ സർട്ടിഫിക്കേഷനുകളും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇത് പരീക്ഷിക്കുന്നത് ജീവഹാനിക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുമെന്ന് ക്വിയാവോ മുന്നറിയിപ്പ് നൽകിട്ടുണ്ട്. പലയിടങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.