02/03/2026
[fontresizer_tawhidurrahmandear_widget]

സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

 സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ സർക്കാർ ആലോചിക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ വായനയുടെ അടിസ്ഥാനത്തിൽ പത്ത് മാർക്ക് വരെ ഗ്രേസ് മാർക്കായി നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സി.എം മെഗാക്വിസ് സമ്മാനദാന ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് സുപ്രധാന വിവരം അറിയിച്ചത്.

‘വായനയുടെ വസന്തം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14,000 സ്കൂൾ ലൈബ്രറികളിലായി 12 കോടി രൂപയുടെ പുസ്തകങ്ങൾ സർക്കാർ എത്തിച്ചിരുന്നു. എന്നാൽ, കുട്ടികൾക്കിടയിൽ വായന കുറയുന്നതായും പുസ്തകങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മാധ്യമപ്രവർത്തകരും എഴുത്തുകാരും അടങ്ങുന്ന വിദഗ്ധ സമിതി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വായനയെ ഒരു പ്രോജക്ട് ആയി പരിഗണിച്ച് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും. വിദ്യാർത്ഥികൾ പുസ്തകങ്ങളും പത്രങ്ങളും വായിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രേസ് മാർക്ക് നേടുന്നതിനായി കുട്ടികൾ ഇപ്പോൾ തന്നെ വായന ആരംഭിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ സ്കൂൾ ലൈബ്രറികൾ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read: