ഗൾഫിൽ ആശങ്ക; യുഎഇയിലും കുവൈത്തിലും സൗദിയിലും സ്‌ഫോടനങ്ങളെന്ന് റിപ്പോർട്ട്
ദുബൈ: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയാകെ യുദ്ധഭീതിയിൽ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വൻ വ്യോമാക്രമണം നടത്തി. ഇതിന്റെ ഭാഗമായി യുഎഇയിലെ അബുദാബി, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അബുദാബിയിൽ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ റിയാദിലും സ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. മിഡിലീസ്റ്റിലെ എല്ലാ യുഎസ് താവളങ്ങളെയും തങ്ങൾ ലക്ഷ്യമിടുന്നതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ അവകാശപ്പെട്ടു.
അമേരിക്കൻ സൈനികർ തമ്പടിച്ചിട്ടുള്ള യുഎഇ തലസ്ഥാനമായ അബുദാബിയിലെ താവളത്തിലാണ് വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതൽ നടപടിയെന്ന നിലയിൽ യുഎഇ തങ്ങളുടെ വ്യോമപാതകൾ താൽക്കാലികമായും ഭാഗികമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതിനുപുറമെ, വലിയ തോതിൽ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള കുവൈത്തിലും ശക്തമായ സ്‌ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിലും വ്യോമതാവളം അടച്ചിട്ടുണ്ട്.
ഖത്തർ തലസ്ഥാനമായ ദോഹയിലും സ്‌ഫോടന ശബ്ദങ്ങൾ കേട്ടു. തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച ഇറാനിയൻ മിസൈലുകൾ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ അൽ ഉദൈദ് ഖത്തറിലാണുള്ളത്.