കേരള സ്റ്റോറി 2-വിന് വിലക്ക്; ‘മതസൗഹാർദത്തിന് ഭീഷണിയെന്ന്’ ഹൈക്കോടതി
കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2’-വിന്റെ റിലീസ് ഹൈക്കോടതി തടഞ്ഞു. ചിത്രം പ്രഥമദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി, 15 ദിവസത്തേക്ക് റിലീസ് തടഞ്ഞുകൊണ്ട് ഇടക്കാല സ്റ്റേ ഉത്തരവിട്ടു. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിലാണ് നിർമ്മാതാക്കൾക്ക് കനത്ത തിരിച്ചടിയായ ഈ നടപടി. സെൻസർ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. കേരളത്തെ വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഹർജിക്കാരൻ വാദിച്ചു. ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുന്നുവെന്നും ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നുവെന്നുമുള്ള ട്രെയിലറിലെ രംഗങ്ങൾ വൻ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു.
സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേരത്തെ വിമർശിച്ചിരുന്നു. എന്നാൽ രാജ്യത്തെ യാഥാർത്ഥ്യങ്ങളാണ് സിനിമ പറയുന്നതെന്നായിരുന്നു സംവിധായകൻ കാമാഖ്യ നാരായൺ സിംഗിന്റെ വാദം. കോടതിയുടെ സ്റ്റേ നിലവിൽ വന്നതോടെ ചിത്രത്തിന്റെ നാളത്തെ റിലീസ് അനിശ്ചിതത്വത്തിലായി.