20/04/2026
[fontresizer_tawhidurrahmandear_widget]

കലാപത്തിനിടെ പള്ളിവാതിൽ തുറന്നിട്ട് 262 ക്രിസ്ത്യൻ ജീവനുകൾ രക്ഷിച്ച നൈജീരിയൻ ഇമാം അന്തരിച്ചു

 കലാപത്തിനിടെ പള്ളിവാതിൽ തുറന്നിട്ട് 262 ക്രിസ്ത്യൻ ജീവനുകൾ രക്ഷിച്ച നൈജീരിയൻ ഇമാം അന്തരിച്ചു

ഇമാം അബൂബക്കര്‍ അബ്ദുല്ല

അബുജ: മതാന്ധതയുടെ വെടിയൊച്ചകൾക്കിടയിൽ മനുഷ്യസ്‌നേഹത്തിന്റെ വലിയ മാതൃക തീർത്ത നൈജീരിയൻ മതപണ്ഡിതൻ ഇമാം അബൂബക്കർ അബ്ദുല്ല(83) അന്തരിച്ചു. നൈജീരിയയിലെ വർഗീയ കലാപങ്ങൾക്കിടയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി 262 ക്രിസ്ത്യാനികളെ മരണമുഖത്ത് നിന്ന് രക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തകളിൽ നിറഞ്ഞ വ്യക്തിത്വമാണ് വിടവാങ്ങിയത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

​2018 ജൂണിലായിരുന്നു ലോകശ്രദ്ധ നേടിയ സംഭവം നടന്നത്. സെൻട്രൽ നൈജീരിയയിലെ പ്ലാറ്റ്യൂ സംസ്ഥാനത്ത് ആയുധധാരികളായ അക്രമികൾ ഗ്രാമം വളയുകയും കൂട്ടക്കൊലയ്ക്ക് ശ്രമിക്കുകയും ചെയ്തു. അക്രമകാരികളെ ഭയന്ന് ഓടിയെത്തിയ നൂറുകണക്കിന് ക്രിസ്ത്യാനികൾക്ക് മുന്നിൽ ഇമാം അബൂബക്കർ അബ്ദുല്ല തന്റെ പള്ളിയുടെ വാതിലുകൾ മലർക്കെ തുറന്നിട്ടു. സ്ത്രീകളെയും കുട്ടികളെയും പള്ളിക്കുള്ളിലും പുരുഷന്മാരെ തന്റെ വീട്ടിലുമാണ് അദ്ദേഹം ഒളിപ്പിച്ചത്.

​പിന്നാലെ പാഞ്ഞെത്തിയ അക്രമികൾ പള്ളിക്ക് മുന്നിലെത്തി ക്രിസ്ത്യാനികളെ വിട്ടുനൽകാൻ ആവശ്യപ്പെട്ടു. എന്നാൽ 83-കാരനായ ഇമാം അവർക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്നു. ’പള്ളിയിലുള്ളവരെ കൊല്ലണമെങ്കിൽ ആദ്യം എന്നെ കൊല്ലണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ധീരമായ മറുപടി. ഇമാമിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അക്രമികൾക്ക് പിന്തിരിയേണ്ടി വന്നു. അങ്ങനെ 262 മനുഷ്യജീവനുകളാണ് അന്ന് ഒരു പോറല് പോലും ഏൽക്കാതെ രക്ഷപ്പെട്ടത്.

​ഇമാം അബൂബക്കർ അബ്ദുല്ലയുടെ വിയോഗത്തിൽ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (കാൻ) കടുത്ത ദുഃഖം രേഖപ്പെടുത്തി. നൈജീരിയയിലെ സമാധാനത്തിന്റെയും മതസൗഹാർദത്തിന്റെയും മുഖമായിരുന്നു അദ്ദേഹമെന്ന് സംഘടന അനുസ്മരിച്ചു. വേർതിരിവുകൾ ഇല്ലാതെ മനുഷ്യനെ സ്നേഹിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗം നൈജീരിയയിലെ സമാധാനകാംക്ഷികൾക്ക് വലിയ നഷ്ടമാണെന്നും ക്രിസ്ത്യൻ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.

​മതസൗഹാർദത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2019-ൽ യുഎസ് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അവാർഡ് (US International Religious Freedom Award) നൽകി അമേരിക്ക അദ്ദേഹത്തെ ആദരിച്ചിരുന്നു. കൂടാതെ നൈജീരിയൻ ഭരണകൂടവും പരമോന്നത ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചു.
​മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് 60 വർഷത്തോളം ഇമാമായി സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രദേശത്തെ ക്രിസ്ത്യൻ വിഭാഗങ്ങളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. തന്റെ പള്ളി നിർമ്മാണത്തിന് ക്രിസ്ത്യാനികൾ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലപ്പോഴും നന്ദിയോടെ സ്മരിച്ചിരുന്നു.

ഇമാം അബൂബക്കർ അബ്ദുല്ലയുടെ ജനാസ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്.

Also read: