02/03/2026
[fontresizer_tawhidurrahmandear_widget]

തെലങ്കാനയിൽ അക്രമികൾ തകർത്ത പള്ളി സ്വന്തം ചെലവിൽ പുനർനിർമിക്കും; സഹായം പ്രഖ്യാപിച്ച് വ്യവസായി ലക്ഷ്മൺ റെഡ്ഡി

 തെലങ്കാനയിൽ അക്രമികൾ തകർത്ത പള്ളി സ്വന്തം ചെലവിൽ പുനർനിർമിക്കും; സഹായം പ്രഖ്യാപിച്ച് വ്യവസായി ലക്ഷ്മൺ റെഡ്ഡി

ഹൈദരാബാദ്: വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവർക്കിടയിൽ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പുതിയ ചരിത്രം കുറിക്കുകയാണ് തെലങ്കാനയിലെ ഒരു ഹൈന്ദവ വ്യവസായി. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലുള്ള കൊഹീർ മണ്ഡലത്തിൽ അക്രമികൾ തകർത്ത മസ്ജിദ് പുനർനിർമിക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്ന പ്രാദേശിക വ്യവസായി ലക്ഷ്മൺ റെഡ്ഡിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഉത്തരാഖണ്ഡിൽ മുസ്‌ലിം വയോധികന് ഹിന്ദുത്വ സംഘത്തിൽനിന്നു കാവലൊരുക്കിയ ദീപക് കുമാറിനെപ്പോലെ, ലക്ഷ്മൺ റെഡ്ഡിയും ഇന്ത്യയുടെ മതസൗഹാർദ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ ഒരു പള്ളിക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. പള്ളിയുടെ മിനാരങ്ങൾക്കും ജനലുകൾക്കും കേടുപാടുകൾ സംഭവിക്കുകയും പള്ളിക്കകത്തെ വസ്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവം പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷത്തിനു കാരണമാകുമെന്ന് ഭയപ്പെട്ടിരുന്ന ഘട്ടത്തിലാണ് ലക്ഷ്മൺ റെഡ്ഡിയുടെ അടിയന്തര ഇടപെടലുണ്ടാകുന്നത്.

സംഭവമറിഞ്ഞ ഉടൻ തന്നെ പള്ളി ഭാരവാഹികളെയും മുസ്ലിം സമുദായംഗങ്ങളെയും നേരിൽ കണ്ട ലക്ഷ്മൺ റെഡ്ഡി, ആക്രമണത്തിൽ തനിക്ക് വലിയ വിഷമമുണ്ടെന്ന് അറിയിച്ചു. മസ്ജിദിനുണ്ടായ എല്ലാ കേടുപാടുകളും തീർക്കുന്നതിനും പുനർനിർമാണത്തിനും ആവശ്യമായ മുഴുവൻ തുകയും താൻ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേവലം ഒരു വാഗ്ദാനത്തിലൊതുക്കാതെ, അറ്റകുറ്റപ്പണികൾക്കായി ഒരു നിശ്ചിത തുക അദ്ദേഹം ഉടനടി കൈമാറുകയും ചെയ്തു.

‘നമ്മൾ ഒരേ മണ്ണിൽ ഒരുമിച്ച് വളർന്നവരാണ്. ഒരു ആരാധനാലയം തകർക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. സമാധാനവും സാഹോദര്യവുമാണ് നമ്മുടെ കരുത്ത്. അക്രമികൾക്ക് വിജയിക്കാൻ നമ്മൾ അവസരം നൽകരുത്,’ ലക്ഷ്മൺ റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവർക്കുള്ള ഏറ്റവും വലിയ മറുപടിയാണ് ഇത്തരം പ്രവൃത്തികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷ്മൺ റെഡ്ഡിയുടെ ഈ നീക്കം പ്രദേശത്തെ ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സഹായിക്കുന്നതാണ്. പള്ളി ഭാരവാഹികൾ അദ്ദേഹത്തിന്റെ വലിയ മനസ്സിന് നന്ദി അറിയിച്ചു. തെലങ്കാനയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ലക്ഷ്മൺ റെഡ്ഡിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, തെലങ്കാനയിലെ ഈ കൊച്ചു ഗ്രാമത്തിൽനിന്ന് ഉയർന്നുവരുന്ന സന്ദേശം മതനിരപേക്ഷ ഇന്ത്യയുടെ യഥാർത്ഥ മുഖമാണ് വെളിപ്പെടുത്തുന്നത്. വിദ്വേഷത്തെ സ്‌നേഹം കൊണ്ട് തോൽപ്പിക്കാമെന്ന് ലക്ഷ്മൺ റെഡ്ഡി സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഈ മാതൃകാപരമായ പ്രവർത്തനം സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്.

Also read: