10/06/2026
[fontresizer_tawhidurrahmandear_widget]

ഇമ്രാൻ ഖാന് അടിയന്തര വൈദ്യസഹായം നൽകണം: പാക് സർക്കാരിനോട് ഗവാസ്‌കറും കപിൽ ദേവും ഉൾപ്പെടെ 14 ക്യാപ്റ്റൻമാർ

 ഇമ്രാൻ ഖാന് അടിയന്തര വൈദ്യസഹായം നൽകണം: പാക് സർക്കാരിനോട് ഗവാസ്‌കറും കപിൽ ദേവും ഉൾപ്പെടെ 14 ക്യാപ്റ്റൻമാർ

അഹമ്മദാബാദ്: മുൻ പാകിസ്ഥാൻ നായകൻ ഇമ്രാൻ ഖാന് ജയിലിൽ അർഹമായ ചികിത്സയും പരിഗണനയും ഉറപ്പാക്കണമെന്ന് ഇതിഹാസ താരങ്ങൾ ആവശ്യപ്പെട്ടു. രണ്ട് വർഷത്തിലേറെയായി തടവിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 14 മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാരാണ് പാകിസ്ഥാൻ സർക്കാരിന് സംയുക്ത കത്തയച്ചത്. സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്രെഗ് ചാപ്പൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അപ്പീലിൽ ഒപ്പിട്ടിട്ടുണ്ട്.

800 ദിവസത്തിലേറെയായി തടവിലുള്ള ഇമ്രാന്റെ ആരോഗ്യത്തെക്കുറിച്ച് ജയിൽ അധികൃതർ അവഗണന കാണിക്കുന്നുവെന്ന് കത്തിൽ ആരോപിക്കുന്നു. ഇമ്രാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 15 ശതമാനമായി കുറഞ്ഞുവെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് രാജ്യാന്തര ക്രിക്കറ്റ് ലോകത്തെ പ്രമുഖർ ഒന്നിച്ച് രംഗത്തെത്തിയത്. ലോക ക്രിക്കറ്റിലെ ഇതിഹാസമായ ഇമ്രാൻ ഖാനോടുള്ള സമീപനത്തിൽ ആഴമായ ആശങ്ക രേഖപ്പെടുത്തുന്നതായും, സ്റ്റമ്പുകൾ വീഴുമ്പോൾ മത്സരം അവസാനിക്കുമെന്നും ബഹുമാനം നിലനിൽക്കുമെന്നും കളിക്കളത്തിലെ ചരിത്രം ഓർമ്മിപ്പിക്കുന്നതായും താരങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. മുൻ ദേശീയ നേതാവിനും ആഗോള കായിക ഐക്കണിനും അനുയോജ്യമായ അന്തസ്സും അടിസ്ഥാന മാനുഷിക പരിഗണനയും അദ്ദേഹത്തിന് ലഭിക്കണമെന്നും താരങ്ങൾ ഓർമ്മിപ്പിച്ചു.

തങ്ങൾ നിർദ്ദേശിക്കുന്ന വിദഗ്ധ ഡോക്ടർമാരുടെ സേവനവും കുടുംബാംഗങ്ങളെ കാണാനുള്ള അനുമതിയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. മൈക്കൽ ആതർട്ടൺ, അലൻ ബോർഡർ, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, നാസർ ഹുസൈൻ തുടങ്ങിയവരും അപ്പീലിൽ പങ്കുചേർന്നു. രാഷ്ട്രീയമായ ഭിന്നതകൾ എന്തുതന്നെയായാലും, 1992ൽ രാജ്യത്തിന് ലോകകപ്പ് നേടിത്തന്ന നായകനോട് മാന്യതയുടെയും നീതിയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് കായിക ലോകം ആവശ്യപ്പെടുന്നു.

Also read: