10/06/2026
[fontresizer_tawhidurrahmandear_widget]

ഡ്യൂട്ടിഫ്രീ ഇളവ് പരിധി കൂട്ടി: പ്രവാസികൾക്ക് ആശ്വാസം; പുതിയ നിയമങ്ങൾ ഇതാ

 ഡ്യൂട്ടിഫ്രീ ഇളവ് പരിധി കൂട്ടി: പ്രവാസികൾക്ക് ആശ്വാസം; പുതിയ നിയമങ്ങൾ ഇതാ

ന്യൂഡൽഹി: വിദേശത്തുനിന്നും എത്തുന്ന വിമാനയാത്രക്കാർക്കുള്ള കസ്റ്റംസ് നിയമങ്ങൾ ഇന്ത്യ പരിഷ്‌കരിച്ചു. 2026ലെ കസ്റ്റംസ് ബാഗേജ് റെഗുലേഷൻസ് അനുസരിച്ചുള്ള പുതിയ മാറ്റങ്ങൾ യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കാനും സുതാര്യത വർദ്ധിപ്പിക്കാനുമാണ് പുതിയ മാസ്റ്റർ സർക്കുലറിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ഡ്യൂട്ടി ഫ്രീ പരിധി 75,000 രൂപയായി ഉയർത്തി

പുതുക്കിയ നിയമപ്രകാരം, അന്താരാഷ്ട്ര യാത്രക്കാർക്ക് (കരമാർഗ്ഗം ഒഴികെയുള്ളവർ) ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം 50,000 രൂപയിൽ നിന്ന് 75,000 രൂപയായി വർദ്ധിപ്പിച്ചു. വിദേശ വിനോദസഞ്ചാരികൾക്കുള്ള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായും ഉയർത്തിയിട്ടുണ്ട്. എന്നാൽ കര അതിർത്തികൾ വഴി എത്തുന്നവർക്ക് ആനുകൂല്യം ലഭിക്കില്ല.

സ്വർണാഭരണങ്ങൾക്കും പുതിയ ഇളവ്

വർഷങ്ങളായി നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കിക്കൊണ്ട് സ്വർണാഭരണങ്ങളുടെ പരിധിയിലും മാറ്റം വരുത്തി. ഇനി മുതൽ മൂല്യത്തിന് പകരം ഭാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവ് നൽകുക:

  • സ്ത്രീകൾക്ക്: 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം.
  • പുരുഷന്മാർക്ക്: 20 ഗ്രാം വരെ ഡ്യൂട്ടി ഫ്രീ അനുവദനീയമാണ്.

ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച ശേഷം മടങ്ങുന്നവർക്ക് തങ്ങളുടെ ബോണഫൈഡ് ലഗേജിൽ ആനുകൂല്യം ഉപയോഗിക്കാം. സ്വർണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങൾക്കും ഭാരത്തെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ രീതി ബാധകമാണ്.

മറ്റ് പ്രധാന ആനുകൂല്യങ്ങൾ

  • ലാപ്‌ടോപ്പ്: 18 വയസ്സിന് മുകളിലുള്ള ഏതൊരു യാത്രക്കാരനും ഒരു ലാപ്‌ടോപ്പ് ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം.
  • താമസസ്ഥല കൈമാറ്റം: വിദേശത്തെ താമസം അവസാനിപ്പിച്ചു മടങ്ങുന്നവർക്ക് വലിയ ഇളവുകൾ പ്രഖ്യാപിച്ചു. 12 വർഷം വിദേശത്ത് നിന്നവർക്ക് മൂന്ന് ലക്ഷം രൂപ വരെയും, രണ്ട് വർഷത്തിന് മുകളിൽ നിന്നവർക്ക് 7.5 ലക്ഷം രൂപ വരെയും ഡ്യൂട്ടി ഫ്രീ ആനുകൂല്യം ലഭിക്കും.
  • വളർത്തുമൃഗങ്ങൾ: നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് വളർത്തുമൃഗങ്ങളെ നികുതിയില്ലാതെ കൊണ്ടുവരാൻ സാധിക്കും.

ഡിജിറ്റൽ ക്ലിയറൻസ് സംവിധാനം

വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഇലക്ട്രോണിക് ബാഗേജ് ഡിക്ലറേഷൻ സംവിധാനം ഏർപ്പെടുത്തി. യാത്രക്കാർക്ക് വിമാനമിറങ്ങുന്നതിന് മുൻപ് തന്നെ ഓൺലൈനായി ലഗേജ് വിവരങ്ങൾ സമർപ്പിക്കാം. ഇത് പരിശോധനകൾ വേഗത്തിലാക്കാനും അനാവശ്യമായി സാധനങ്ങൾ തടഞ്ഞുവെക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ആഗോളതലത്തിൽ വിനോദസഞ്ചാര സൗഹൃദ രാജ്യമായി മാറാനുള്ള ഇന്ത്യയുടെ നീക്കങ്ങളുടെ ഭാഗമായാണ് ഈ പരിഷ്‌കാരങ്ങൾ.

Also read: