വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് 26ഓളം യുവതികളെ; തൃശ്ശൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ
തൃശ്ശൂർ: ലൈംഗിക പീഡനക്കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ. താന്ന്യം സ്വദേശി യദു ഗിരീഷിനെയാണ് (38) തൃശ്ശൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ തുടങ്ങിയ അന്വേഷണം എത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ്. സമാനമായ രീതിയിൽ 26-ഓളം യുവതികളെ ഇയാൾ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
ഇൻസ്റ്റഗ്രാം വഴി യുവതികളെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ് രീതി. പിന്നീട് വിവാഹവാഗ്ദാനം നൽകി ഇവരെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ പരിശോധനയിലാണ് കൂടുതൽ യുവതികൾ ഇയാളുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നത്.
ലൈംഗിക പീഡനത്തിന് പുറമെ, ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയും പ്രതിക്കുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. യുവതികളുടെ നഗ്‌നവീഡിയോകൾ രഹസ്യമായി ചിത്രീകരിക്കുകയും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുക കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെക്കുറിച്ച് കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.