മിസൈൽ സിറ്റിയിൽ ‘ഖൊറംഷെഹർ-4’ മിസൈൽ വിന്യസിച്ച് ഇറാൻ-വീഡിയോ പുറത്തുവിട്ട് സൈന്യം
തെഹ്റാൻ: ഒമാൻ തലസ്ഥാനമായ മസ്കത്തിൽ അമേരിക്കയുമായി നിർണായകമായ ആണവ ചർച്ച പുരോഗമിക്കുന്നതിനിടെ, മിസൈൽ ശക്തിപ്രകടനവുമായി ഇറാൻ. ഇസ്രയേലിനെ ചാരമാക്കാൻ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിപ്ലവ ഗാർഡ് പ്രദർശിപ്പിച്ചു. ‘ഖൊറംഷെഹർ-4’ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിപ്ലവ ഗാർഡ് തങ്ങളുടെ രഹസ്യ ഭൂഗർഭ ‘മിസൈൽ സിറ്റി’കളിലും പുറത്തും വിന്യസിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിസൈൽ പ്രദർശനത്തിനൊപ്പം അതീവ ഗൗരവതരമായ മറ്റൊരു പ്രഖ്യാപനവും ഇറാൻ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം തങ്ങളുടെ സൈനിക നയത്തിൽ കാതലായ മാറ്റം വരുത്തിയതായാണ് ഇറാൻ അറിയിച്ചത്. ഇതുവരെ ‘പ്രതിരോധം’ എന്നതായിരുന്നു ഇറാന്റെ പ്രഖ്യാപിത നയമെങ്കിൽ, അത് മാറ്റി ശത്രുക്കൾക്കെതിരെ ‘ആദ്യം ആക്രമണം’ നടത്തുക എന്ന ആക്രമണോത്സുകമായ രീതിയിലേക്ക് മാറിയതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ഖൈബർ’ എന്നും അറിയപ്പെടുന്ന ‘ഖൊറംഷെഹർ-4’ ഇറാന്റെ ആയുധശേഖരത്തിലെ ഏറ്റവും വിനാശകാരിയായ മിസൈലുകളിലൊന്നാണ്. 2,000 കിലോമീറ്റർ ആണ് ഇതിന്റെ ദൂരപരിധി. ഇറാനിൽനിന്ന് ഇസ്രയേലിലെ ഏത് കേന്ദ്രത്തെയും ആക്രമിക്കാൻ ഈ ദൂരപരിധി ധാരാളമാണ്.
1,500 കിലോഗ്രാം ഭാരമുള്ള കൂറ്റൻ പോർമുനയാണ് ഇതിന്റെ പ്രത്യേകത. ഇറാൻ വികസിപ്പിച്ചതിൽ വെച്ച് പ്രഹരശേഷികൊണ്ട് ഏറ്റവും വലിയ പോർമുനകളിലൊന്നാണിത്. 13 മീറ്റർ നീളവും 1.5 മീറ്റർ വ്യാസവുമുള്ള മിസൈലിന്റെ വിക്ഷേപണ ഭാരം 30 ടണ്ണാണ്.
ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനിക വിന്യാസം വർധിച്ച സാഹചര്യത്തിലും, മസ്കത്തിലെ ആണവ ചർച്ചകൾക്കിടയിലും ഇറാൻ നടത്തുന്ന ഈ ശക്തിപ്രകടനം യുഎസിനും ഇസ്രയേലിനുമുള്ള ശക്തമായ താക്കീതാണ്. കെർമാൻഷാ, സെംനാൻ തുടങ്ങി ഗൾഫ് മേഖലയോട് ചേർന്നുള്ള പ്രവിശ്യകളിലായി ഇറാന് അഞ്ചിലധികം രഹസ്യ ഭൂഗർഭ മിസൈൽ നഗരങ്ങളുണ്ടെന്നാണ് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ കൈവശമുള്ളത് ഇറാന്റെ പക്കലാണെന്ന് അമേരിക്കൻ ഇന്റലിജൻസും സമ്മതിക്കുന്നുണ്ട്.