ഇറാനിൽ ഇസ്രയേൽ ആക്രമണം തെഹ്റാനിൽ സ്ഫോടന പരമ്പര
തെഹ്റാൻ: പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനിൽ ഇസ്രയേലിന്റെ മിന്നലാക്രമണം. പ്രാദേശിക സമയം ഇന്നു പുലർച്ചെ മുതൽ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഉൾപ്പെടെ തുടർച്ചയായ വൻ സ്ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളായ അൽ ജസീറയും ബിബിസിയും റിപ്പോർട്ട് ചെയ്തു. തെഹ്റാന്റെ ആകാശത്ത് കൂറ്റൻ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
ഇറാനെതിരെ പ്രതിരോധ ആക്രമണം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ രാഷ്ട്രത്തിനെതിരെയുള്ള ഭീഷണികൾ ഇല്ലാതാക്കാനാണ് ഈ മിന്നലാക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ഇസ്രയേലിൽ ഉടനീളം അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇറാനിൽനിന്നുള്ള പ്രത്യാക്രമണം ഭയന്ന് ഇസ്രയേലിലുടനീളം അപായ സൈറണുകൾ മുഴങ്ങി. സുരക്ഷാ കാരണങ്ങളാൽ സാധാരണക്കാർ വീടുകളിലെ സുരക്ഷിത മുറികളിലോ ബങ്കറുകളിലോ കഴിയണമെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ ഹോം ഫ്രണ്ട് കമാൻഡ് നിർദേശം നൽകി. ഇസ്രയേലിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള മറ്റ് ഒത്തുചേരലുകൾക്കും ജോലികൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണോ ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ഇസ്രയേലിന്റെ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിനിടെ, ലെബനനിലെ ഹിസ്ബുല്ലയുടെ തുരങ്കങ്ങൾക്കും റോക്കറ്റ് ലോഞ്ചറുകൾക്കും നേരെയും ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ഈ അപ്രതീക്ഷിത ആക്രമണം. ഇതോടെ മേഖല കൂടുതൽ കലുഷിതമാകുന്ന സൂചനയാണു പുറത്തുവരുന്നത്.