മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങ്; മുസ്ലിം ലീഗിന്റെ 51 സ്നേഹഭവനങ്ങൾ ഇന്ന് സമർപ്പിക്കും
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ സമർപ്പണം ഇന്ന് നടക്കും. പദ്ധതിയിലുൾപ്പെട്ട 105 വീടുകളിൽ പൂർത്തിയായ 51 വീടുകളുടെ താക്കോൽദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. തൃക്കൈപ്പറ്റ വെള്ളിത്തോടുള്ള പദ്ധതിപ്രദേശത്ത് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയാകും.
മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോട് പ്രദേശത്ത് 11.5 ഏക്കർ ഭൂമി 14.13 കോടി രൂപ ചിലവഴിച്ചാണ് മുസ്ലിം ലീഗ് ടൗൺഷിപ്പിനായി വാങ്ങിയത്. ദുരന്തബാധിതരുടെ താൽപ്പര്യം മുൻനിർത്തി മേപ്പാടിയിൽ തന്നെ പുനരധിവാസമൊരുക്കുകയായിരുന്നു. ഓരോ വീടും എട്ട് സെന്റ് സ്ഥലത്ത് 1060 ചതുരശ്ര അടിയിലാണ് നിർമിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ബാത്ത്റൂമുകൾ, ഡൈനിങ് ഹാൾ, അടുക്കള, വർക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഓരോ വീട്ടിലുമുണ്ട്. കൂടാതെ ആവശ്യമായ ഫർണിച്ചറുകളും ശുദ്ധജല ലഭ്യതയ്ക്കായി കൂറ്റൻ ടാങ്ക് സൗകര്യവും ലീഗ് ഒരുക്കിയിട്ടുണ്ട്.
കമ്മ്യൂണിറ്റി ഹാൾ, പാർക്ക്, അങ്കണവാടി എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് മാതൃകാ ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യു.ഡി.എഫിലെ പ്രമുഖ നേതാക്കൾ സംബന്ധിക്കും. സർക്കാരിന്റെ ഗുണഭോക്തൃ പട്ടികയിലുള്ള അർഹരായ കുടുംബങ്ങളെയാണ് വീടുകൾക്കായി തിരഞ്ഞെടുത്തത്.