വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് കണ്ണൂർ കുടുംബകോടതി
കണ്ണൂർ: വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകാൻ കണ്ണൂർ കുടുംബകോടതി ഉത്തരവിട്ടു. മുസ്ലിം നിയമപ്രകാരം ഖുൽ-അ വഴി വിവാഹമോചനം നേടിയ യുവതി, മുൻ ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായും വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങളും തിരികെ നൽകണമെന്നാണ് വിധി. ജഡ്ജി ആർ.എൽ ബൈജുവിന്റേതാണ് ഉത്തരവ്.
മഹർ ഉൾപ്പെടെയുള്ള 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ അതിന്റെ വിപണി വിലയായ 7,22,212 രൂപയോ നൽകണം. ചാല സ്വദേശിയായ യുവാവ് നൽകിയ ഹരജിയിലാണ് കോടതി നടപടി. 2022 ജൂണിലായിരുന്നു ഇവരുടെ വിവാഹം. ന്യൂസീലൻഡിൽ ജോലിയുണ്ടായിരുന്ന ഹരജിക്കാരൻ, ഭാര്യയെ കൂടെ കൊണ്ടുപോകാനായി വിമാന ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ അവസാന നിമിഷം യാത്രയ്ക്ക് വിസമ്മതിച്ച യുവതി, പിന്നീട് ഖുൽ-അ വഴി വിവാഹമോചനം നേടുകയായിരുന്നു.
വിവാഹമോചനത്തിന് ശേഷം യുവതി മറ്റൊരു വിവാഹം കഴിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രയ്ക്കായി ചിലവായ തുകയും മാനസിക വിഷമങ്ങളും കണക്കിലെടുത്താണ് നഷ്ടപരിഹാരം വിധിച്ച് ഉത്തരവായത്. ഹരജിക്കാരന് വേണ്ടി അഡ്വ. പി.പി മുബശ്ശിറലി കോടതിയിൽ ഹാജരായി.