ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ജീവനക്കാരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ സർക്കാരിന് തിരിച്ചടി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്പാർക്കിലെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കരുതെന്ന് മുൻ ഉത്തരവുകളുണ്ടെന്നും, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം സന്ദേശങ്ങൾ അയക്കുന്നത് തുടരരുതെന്ന് കർശന നിർദ്ദേശം നൽകി. വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും വിഷയത്തിൽ വിശദീകരണം തേടി നോട്ടീസ് അയക്കുകയും ചെയ്തു. ജനങ്ങൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നതെന്നും കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി.
അതേസമയം, കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചു എന്നതിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.