ബങ്കറിലെന്ന പ്രചാരണം പൊളിച്ച് ഖാംനഇ പൊതുവേദിയിൽ; ഖുമൈനിയുടെ ഖബറിടം സന്ദർശിച്ചു
ഖുമൈനിയുടെ ഖബറിടത്തില് ആയത്തുല്ല അലി ഖാംനഇ
തെഹ്റാൻ: ബങ്കറിൽ ഒളിവിലാണെന്ന പാശ്ചാത്യ മാധ്യമങ്ങളുടെയും ശത്രുരാജ്യങ്ങളുടെയും പ്രചരണങ്ങൾ തള്ളിക്കളഞ്ഞ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പൊതുവേദിയിൽ. ഇസ്ലാമിക വിപ്ലവത്തിന്റെ 47-ാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി ഇറാന്റെ സ്ഥാപക നേതാവ് ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ ഖബറിടം സന്ദർശിച്ചാണ് അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചത്.
അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്ന പശ്ചാത്തലത്തിൽ ഖാംനഇ സുരക്ഷിതമായ രഹസ്യ താവളത്തിലേക്ക് മാറിയെന്ന തരത്തിൽ പടിഞ്ഞാറൻ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെല്ലാം ശക്തമായ മറുപടിയാണ് അദ്ദേഹത്തിന്റെ ഈ സന്ദർശനം. ഖുമൈനിയുടെ സ്മാരകത്തിൽ പ്രാർത്ഥനകൾ നടത്തിയ ഖാംനഇ, ഇറാന് വിപ്ലവത്തിലെ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത ഭീഷണികൾക്കിടയിലാണ് ഈ സംഭവവികാസങ്ങൾ. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വൻ സൈനിക ആക്രമണം നടത്തുമെന്നും സഹായം ഉടൻ എത്തും എന്ന് പ്രഖ്യാപിച്ച് ആഭ്യന്തര കലാപങ്ങൾക്ക് ട്രംപ് ആഹ്വാനം നൽകുകയും ചെയ്തിരുന്നു.
പേർഷ്യൻ ഗൾഫ് മേഖലയിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യം മേഖലയെ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ നടന്ന പ്രതിഷേധങ്ങൾ വിദേശ പിന്തുണയുള്ള സായുധ സംഘങ്ങൾ തട്ടിയെടുത്തതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ജനുവരിയിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഗണിക്കുമെന്നും എന്നാൽ രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിയിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
അമേരിക്കയുടെ ഭാഗത്തുനിന്നും സൈനിക നീക്കമുണ്ടായാൽ അതിശക്തമായി പ്രതിരോധിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ആത്മഗൗരവത്തിൽഊന്നിയുള്ള ചർച്ചകൾക്ക് മാത്രമേ പ്രസക്തിയുള്ളൂവെന്നും സമ്മർദ്ദത്തിന് വഴങ്ങി ആണവ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ആഭ്യന്തര അസ്വസ്ഥതകൾ പരിഹരിച്ചതായും രാജ്യം ഇപ്പോൾ സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.