ലോക്സഭാ സ്പീക്കറെ നീക്കണം; 120 എംപിമാരുടെ ഒപ്പുമായി പ്രതിപക്ഷം
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതിലും പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ചാണ് നീക്കം.
കോൺഗ്രസ് ചീഫ് വിപ്പ് കെ. സുരേഷാണ് പ്രതിപക്ഷ പാർട്ടികൾക്ക് വേണ്ടി ലോക്സഭാ സെക്രട്ടേറിയറ്റിൽ നോട്ടീസ് സമർപ്പിച്ചത്. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഡിഎംകെ തുടങ്ങിയ പ്രമുഖ കക്ഷികളിലെ 120ഓളം എംപിമാർ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിമാർ നോട്ടീസിൽ ഒപ്പിടുകയോ നീക്കത്തിന്റെ ഭാഗമാവുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകിയില്ലെന്നും സഭയിൽ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എട്ട് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയും സ്പീക്കർക്കെതിരെയുള്ള നീക്കത്തിന് കാരണമായി. കഴിഞ്ഞ രണ്ടിന് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തത് മുതൽ ലോക്സഭാ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. സഭയുടെ സുഗമമായ പ്രവർത്തനത്തിന് സ്പീക്കറുടെ നിലപാടുകൾ തടസ്സമാകുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന പരാതി.