ഇറാൻ തലസ്ഥാനത്ത് വൻ അഗ്നിബാധ; തീപിടിച്ചത് തിരക്കേറിയ ഷോപ്പിങ് ഏരിയയിൽ
തെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ തിരക്കേറിയ വാണിജ്യ കേന്ദ്രമായ ജന്നത്ത് ആബാദ് മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്ന് രാവിലെയാണ് സംഭവം. മാർക്കറ്റിലെ വലിയൊരു ഭാഗം അഗ്നിക്കിരയാകുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൃശ്യമാകുന്ന രീതിയിൽ കറുത്ത പുക ആകാശത്തേക്ക് ഉയരുകയും ചെയ്തു.
പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ നിയായേഷ് മാളിന് സമീപമുള്ള ജന്നത്ത് ആബാദ് ഭാഗത്താണ് തീപിടുത്തമുണ്ടായത്. നിരവധി കടകളും സ്റ്റാളുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്ന അതീവ തിരക്കുള്ള വാണിജ്യ മേഖലയാണിത്.
സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ ഒന്നിലധികം യൂണിറ്റുകൾ ടാങ്കറുകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മാർക്കറ്റിന്റെ വലിയൊരു ഭാഗം പൂർണ്ണമായും നശിച്ചതായാണ് ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ അപകടത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും തെഹ്‌റാൻ ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അപകടസമയത്ത് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ചിലർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ടെങ്കിലും അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഉച്ചയോടെ തീ പൂർണ്ണമായും അണച്ചതായും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
തീപിടുത്തത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തിരക്കേറിയ വാണിജ്യ മേഖലയായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.