02/03/2026
[fontresizer_tawhidurrahmandear_widget]

രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല; ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം

 രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല; ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ നീക്കം തുടങ്ങുന്നതായി റിപ്പോർട്ടുകൾ. പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ മതിയായ അവസരം നൽകുന്നില്ലെന്നും സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷ എംപിമാർ ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതാണ് പുതിയ നീക്കത്തിന് ആധാരമായ പ്രധാന പരാതി.

കഴിഞ്ഞ ആഴ്ച ചൈനീസ് അതിർത്തിയിലെ സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കവെ, മുൻ കരസേനാ മേധാവി ജനറൽ എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഭാഗങ്ങൾ രാഹുൽ ഗാന്ധി ഉദ്ധരിച്ചിരുന്നു. എന്നാൽ ഇത് സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ഇടപെടുകയും വായന തടയുകയും ചെയ്തത് സഭയിൽ വലിയ ബഹളത്തിന് കാരണമായി. കൂടാതെ, കഴിഞ്ഞ 5ന് സഭയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് പ്രധാനമന്ത്രിയോട് സഭയിൽ വരരുതെന്ന് താൻ നിർദ്ദേശിച്ചതായി സ്പീക്കർ വെളിപ്പെടുത്തിയതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

ഇന്ന് ഇന്ത്യ-യുഎസ് വ്യാപാര ചട്ടക്കൂടിനെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ലോക്‌സഭാ നടപടികൾ സ്തംഭിച്ചു. സഭ ചർച്ചകൾക്കുള്ളതാണെന്നും ആരെയും സംസാരിക്കുന്നതിൽ നിന്ന് തടയില്ലെന്നും സ്പീക്കർ വ്യക്തമാക്കിയെങ്കിലും അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. ബജറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സ്പീക്കർക്കെതിരെ നീങ്ങാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം വരും ദിവസങ്ങളിൽ പാർലമെന്റിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കും.

Also read: