മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കരുത്; ബാങ്കുകളോട് പാർലമെന്ററി സമിതി
ന്യൂഡൽഹി: സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കുന്നത് നിർത്തലാക്കാൻ പാർലമെന്ററി സമിതി ശുപാർശ ചെയ്തു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ ഇത്തരത്തിൽ 4,817.96 കോടി രൂപ പിരിച്ചെടുത്ത പശ്ചാത്തലത്തിലാണ് ലോക്സഭാ പെറ്റീഷൻസ് കമ്മിറ്റിയുടെ ഇടപെടൽ. പിഴ ഈടാക്കുന്നതിന് പകരം, ഉയർന്ന ബാലൻസ് നിലനിർത്തുന്നവർക്ക് റിവാർഡ് പോയിന്റുകളും പലിശ ഇളവുകളും നൽകി പ്രോത്സാഹിപ്പിക്കാനാണ് സമിതി നിർദ്ദേശിച്ചിരിക്കുന്നത്.
ബെംഗളൂരു സ്വദേശിയായ പരമേശ്വരൻ കൃഷ്ണയ്യർ സമർപ്പിച്ച പരാതിയിലാണ് ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. സാധാരണക്കാർക്ക് ലഭിക്കുന്ന തുച്ഛമായ പലിശയുടെ 15 മുതൽ 20 ഇരട്ടി വരെ തുകയാണ് ബാങ്കുകൾ പിഴയായി ഈടാക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വലിയ ആഘാതമുണ്ടാക്കുന്നു. തൊഴിലുറപ്പ് വേതനത്തിൽ നിന്നും കുട്ടികളുടെ സമ്പാദ്യത്തിൽ നിന്നും വലിയ തുക ബാങ്കുകൾ പിടിച്ചെടുത്ത സംഭവങ്ങൾ സമിതി ചൂണ്ടിക്കാട്ടി.
എസ്ബിഐ ഉൾപ്പെടെയുള്ള മിക്ക പൊതുമേഖലാ ബാങ്കുകളും നിലവിൽ പിഴ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യ ബാങ്കുകൾ ഇപ്പോഴും ചൂഷണം തുടരുകയാണ്. അതിനാൽ, സഹകരണ-ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകൾക്കും ബാധകമാകുന്ന രീതിയിൽ ഏകീകൃത നയം കൊണ്ടുവരാൻ ആർബിഐക്കും ധനമന്ത്രാലയത്തിനും സമിതി നിർദ്ദേശം നൽകി.