06/03/2026
[fontresizer_tawhidurrahmandear_widget]

സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ല; ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി

 സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ല; ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിനെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകളുമായുള്ള മത്സരം ഒഴിവാക്കാൻ കെഎസ്ആർടിസി റൂട്ടുകളിൽ മാറ്റം വരുത്തുന്നുവെന്ന മന്ത്രിയുടെ പരാമർശത്തിലാണ് മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചത്. കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിച്ചതിന്റെ ‘രഹസ്യം’ വിശദീകരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വാക്കുകൾ.

സ്വകാര്യ ബസുകൾക്ക് മുന്നിൽ മത്സരിച്ചോടുന്ന രീതി കെഎസ്ആർടിസി അവസാനിപ്പിച്ചെന്നും, അവർക്ക് ബിസിനസ് ചെയ്യാൻ അവസരം നൽകി കെഎസ്ആർടിസി മറ്റ് റൂട്ടുകളിലേക്ക് മാറിയെന്നുമാണ് മന്ത്രി സഭയിൽ പറഞ്ഞത്. അനാരോഗ്യകരമായ മത്സരം ഒഴിവാക്കി മലയോര മേഖലകളിലടക്കം സർവീസ് കേന്ദ്രീകരിച്ചത് ലാഭകരമായെന്നും ഗണേഷ് കുമാർ അവകാശപ്പെട്ടു.

എന്നാൽ, സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി പിന്മാറുന്നത് സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി തൊട്ടുപിന്നാലെ വ്യക്തമാക്കി. ‘അനാരോഗ്യകരമായ മത്സരം ഒഴിവാക്കേണ്ടത് തന്നെയാണ്, എന്നാൽ സ്വകാര്യ ബസുകൾ ഉള്ളയിടങ്ങളിൽ നിന്ന് കെഎസ്ആർടിസി പിൻവാങ്ങുന്നത് പ്രായോഗികമല്ല. അത്തരമൊരു നിലപാട് വലിയ പ്രയാസങ്ങൾ ഉണ്ടാക്കും,’ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ മന്ത്രി തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി രംഗത്തെത്തി. സ്വകാര്യ ബസുകൾക്ക് വേണ്ടി വഴിമാറിക്കൊടുക്കുമെന്നല്ല താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി പറഞ്ഞു. ഒരിടത്തുനിന്നും കെഎസ്ആർടിസി പിന്മാറില്ലെന്നും, സ്വകാര്യ ബസുകളുടെ കുത്തക തകർത്താണ് പലയിടങ്ങളിലും കെഎസ്ആർടിസി മുന്നേറുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: