ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ? പ്രമേഹം നിയന്ത്രിക്കാൻ മികച്ചത് ഏത്?
നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും പ്രമേഹരോഗികളെ സംബന്ധിച്ച് എന്നും വലിയൊരു സംശയമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇതിൽ ഏതാണ് മികച്ചത്? പ്രമേഹബാധിതരായ 9 കോടിയോളം മുതിർന്നവർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിൽ ഉരുളക്കിഴങ്ങുകളുടെ ഉപയോഗത്തെക്കുറിച്ച് ഐസിഎംആർ (ICMR), എൻഐഎൻ (NIN) എന്നിവയുടെ പഠനറിപ്പോർട്ടുകൾ നൽകുന്ന വിവരങ്ങൾ ശ്രദ്ധേയമാണ്.
മധുരക്കിഴങ്ങ്: പ്രമേഹരോഗികൾക്ക് ഒരു ‘ഔഷധം’
ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രകാരം, മധുരക്കിഴങ്ങ് വെറുമൊരു കിഴങ്ങുവർഗ്ഗമല്ല, മറിച്ച് പ്രമേഹ വിരുദ്ധ ഗുണങ്ങളുള്ള ഒരു ‘മെഡിസിനൽ ഫുഡ്’ ആണ്. ഇതിലെ കരോട്ടിനോയിഡുകൾ, ആന്തോസയാനിനുകൾ, ഫിനോളിക് ആസിഡുകൾ എന്നിവ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. മധുരക്കിഴങ്ങിന്റെ ഗ്ലൈസെമിക് ഇന്റെക്സ്(gi) 44 മുതൽ 61 വരെയാണ്, ഇത് സാധാരണ ഉരുളക്കിഴങ്ങിനേക്കാൾ കുറവായതിനാൽ രക്തത്തിൽ പെട്ടെന്ന് പഞ്ചസാര വർദ്ധിപ്പിക്കില്ല.
ഉരുളക്കിഴങ്ങ് പൂർണ്ണമായും ഒഴിവാക്കണോ?
എല്ലാ ഉരുളക്കിഴങ്ങുകളും പ്രമേഹത്തിന് ദോഷകരമാണെന്ന ധാരണ തിരുത്തുകയാണ് ഷിംലയിലെ സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്. കുഫ്രി ആനന്ദ്, കുഫ്രി നീല തുടങ്ങിയ ചില ഇന്ത്യൻ ഉരുളക്കിഴങ്ങ് ഇനങ്ങൾ കാർബോഹൈഡ്രേറ്റ് വിഘടനം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, സാധാരണ ഉരുളക്കിഴങ്ങിന് ഉയർന്ന ഗ്ലൈസെമിക് ഇന്റെക്സ് (7882) ഉള്ളതിനാൽ അവ വേഗത്തിൽ പഞ്ചസാര വർദ്ധിപ്പിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
തയ്യാറാക്കുന്ന രീതി: ഉരുളക്കിഴങ്ങ് വറുത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കണം. പകരം പുഴുങ്ങിയ ശേഷം തണുപ്പിച്ച് ഉപയോഗിക്കുന്നത് (GI 6570) ദഹനം സാവധാനത്തിലാക്കാൻ സഹായിക്കും.
നാരുകളുടെ സാന്നിധ്യം: മധുരക്കിഴങ്ങിൽ ഉരുളക്കിഴങ്ങിനേക്കാൾ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട് (100 ഗ്രാമിൽ 3 ഗ്രാം). ഇത് പഞ്ചസാര ആഗിരണം മന്ദഗതിയിലാക്കുന്നു.
മിതത്വം: ഏതു തരം കിഴങ്ങായാലും അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പച്ചക്കറികൾക്കും പയർവർഗ്ഗങ്ങൾക്കും ഒപ്പം ഇവ ഉൾപ്പെടുത്തുന്നതാണ് ഉചിതം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉരുളക്കിഴങ്ങിനേക്കാൾ മികച്ചത് മധുരക്കിഴങ്ങാണ്. എന്നാൽ കൃത്യമായ അളവിലും ശരിയായ പാചകരീതിയിലും ഉരുളക്കിഴങ്ങും മിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹരോഗികൾ ഏതൊരു മാറ്റത്തിനും മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.