പിഎസ്‌സി ലിസ്റ്റിലെ ഒന്നാം റാങ്കുകാരിക്ക് മൂന്ന് വർഷമായിട്ടും ജോലിയില്ല: റാങ്ക് പട്ടിക കാലാവധി കഴിഞ്ഞു; കണ്ണീരോടെ റഷീദ
മലപ്പുറം: ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും എംഫില്ലിലും ഒന്നാം റാങ്ക്. ഒടുവിൽ പിഎസ്‌സി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ (ഉറുദു) പരീക്ഷയിലും ഒന്നാം റാങ്ക്. ഇത്രയേറെ യോഗ്യതകളുണ്ടായിട്ടും അധികൃതരുടെ അവഗണനയിൽ നീതി ലഭിക്കാതെ കണ്ണീരോടെ എം റഷീദ. റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് ദിവസം മുൻപ് അവസാനിച്ചതോടെ ജോലി എന്ന റഷീദയുടെ സ്വപ്നം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
തന്നെ തഴയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെയും പിഎസ്‌സിയേയും സിപിഎം നേതാക്കളെയുമെല്ലാം റഷീദ പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കാലടി സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്‌ഐ അസോസിയേഷൻ സെക്രട്ടറിയും അക്കാദമിക് കൗൺസിൽ അംഗവുമായിരുന്ന തനിക്ക് സ്വന്തം പ്രസ്ഥാനത്തിൽ നിന്ന് പോലും നീതി ലഭിച്ചില്ലെന്ന് റഷീദ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.
ഒന്നാം റാങ്ക് കിട്ടിയ എനിക്ക് പോലും ജോലി തരാൻ ഇല്ലെങ്കിൽ കുട്ടികളോട് ടീച്ചറെന്ന നിലയിൽ എന്താണ് ഞാൻ പറയേണ്ടതെന്നും, പിന്നെ എങ്ങനെയാണ് പഠിക്കണം പഠിക്കണം എന്ന് പറഞ്ഞ് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയെന്നും റഷീദ വികാരാധീനയായി ചോദിക്കുന്നു. 2012 വരെ താൻ പഠിച്ചത് കുട്ടികൾക്ക് ട്യൂഷനെടുത്തും പല ജോലികൾ ചെയ്തുമാണെന്നും, ഡോക്ടറാകണമെന്ന് ആഗ്രഹിച്ചിട്ടും സാമ്പത്തിക പരാധീനതകൾ മൂലം ആർട്‌സ് സബ്ജക്റ്റുകൾ തെരഞ്ഞെടുക്കേണ്ടി വന്നതാണെന്നും അവർ പറഞ്ഞു. ബിലോ പോവർട്ടി വിഭാഗത്തിൽപ്പെട്ട കുടുംബത്തിൽ നിന്നുവരുന്ന താൻ ഇത്രയേറെ യോഗ്യതകളുണ്ടായിട്ടും എന്തുകൊണ്ടാണ് തഴയപ്പെടുന്നതെന്ന് ഓർക്കുമ്പോൾ കരച്ചിൽ വരുന്നുവെന്നും റഷീദ കൂട്ടിച്ചേർത്തു.
ഏറെ കഷ്ടപ്പെട്ട് പഠിച്ചുയർന്ന ഉദ്യോഗാർത്ഥിയുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് പിഎസ്‌സി പട്ടികയുടെ കാലാവധി അവസാനിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ റാങ്ക് ജേതാക്കൾ പോലും ഇത്തരത്തിൽ അവഗണിക്കപ്പെടുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.