06/03/2026
[fontresizer_tawhidurrahmandear_widget]

മുൻ കരസേനാ മേധാവിയുടെ പുസ്തകം ഉദ്ധരിച്ച് രാഹുലിന്റെ കടന്നാക്രമണം; ചാടിയെഴുന്നേറ്റ് പ്രതിഷേധിച്ച് രാജ്‌നാഥ് സിങ്ങും അമിത് ഷായും, ഇളകിമറിഞ്ഞ് ഭരണപക്ഷം

 മുൻ കരസേനാ മേധാവിയുടെ പുസ്തകം ഉദ്ധരിച്ച് രാഹുലിന്റെ കടന്നാക്രമണം; ചാടിയെഴുന്നേറ്റ് പ്രതിഷേധിച്ച് രാജ്‌നാഥ് സിങ്ങും അമിത് ഷായും, ഇളകിമറിഞ്ഞ് ഭരണപക്ഷം

രാജ്നാഥ് സിങ്, രാഹുല്‍ ഗാന്ധി, അമിത് ഷാ

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം നരവണെയുടെ അപ്രകാശിത ആത്മകഥയിലെ പരാമർശങ്ങൾ പാർലമെന്റിൽ ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ പ്രതിരോധ വീഴ്ചയെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. പരാമർശത്തിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ചാടിയെഴുന്നേറ്റ് പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്‌പോരാണു നടന്നത്. സഭ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.

ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി നരവണെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയിലെ ഭാഗങ്ങൾ ഉദ്ധരിച്ചത്. ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിക്കാനാണ് രാഹുൽ പുസ്തകത്തെ കൂട്ടുപിടിച്ചത്.

എന്നാൽ, പ്രസിദ്ധീകരിക്കാത്തതും ആധികാരികത ഉറപ്പുവരുത്താത്തതുമായ ഒരു പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്നാഥ് സിങ്ങും അമിത് ഷായും രംഗത്തെത്തി. ‘രാഹുൽ ഗാന്ധി ഉദ്ധരിക്കുന്ന പുസ്തകം ഏതാണ്? അത് പ്രസിദ്ധീകരിച്ചിട്ടുണ്ടോ? പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിലെ വിവരങ്ങൾ സഭയിൽ പറയാൻ നിയമം അനുവദിക്കുന്നില്ല,’ രാജ്നാഥ് വ്യക്തമാക്കി. ഗൗരവതരമായ ചർച്ചകളിൽ മാധ്യമ റിപ്പോർട്ടുകളോ അപ്രകാശിത പുസ്തകങ്ങളോ ഉദ്ധരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അമിത് ഷായും കൂട്ടിച്ചേർത്തു.

‘കാരവൻ’ മാഗസിനിൽ വന്ന ലേഖനമാണ് ഉദ്ധരിക്കുന്നതെന്നും അതിലെ വിവരങ്ങൾ 100 ശതമാനം സത്യമാണെന്നും രാഹുൽ ഗാന്ധി തിരിച്ചടിച്ചു. ‘സർക്കാർ എന്തിനെയാണ് ഭയപ്പെടുന്നത്? സത്യം പുറത്തുവരുന്നതിൽ ഇത്ര ആശങ്ക എന്തിനാണ്?’-അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ രാജ്യസ്നേഹത്തെ ബിജെപി എംപി തേജസ്വി സൂര്യ ചോദ്യം ചെയ്തതിനാലാണ് തനിക്ക് ഈ വിഷയം ഉന്നയിക്കേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. ഡോക്‌ലാമിൽ ചൈനീസ് ടാങ്കുകൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതിനെക്കുറിച്ച് പുസ്തകത്തിൽ പരാമർശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഇതോടെ, സഭയിലെ ചട്ടങ്ങൾ പാലിക്കണമെന്ന് സ്പീക്കർ ഓം ബിർള രാഹുൽ ഗാന്ധിയോട് നിർദേശിച്ചു. ആധികാരികമല്ലാത്ത രേഖകൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്നും രാഷ്ട്രപതിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം ചർച്ച ഒതുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എത്തിയതോടെ സഭയിൽ ബഹളം രൂക്ഷമായി. തുടർന്ന് ഉച്ചയ്ക്ക് മൂന്നു മണി വരെ സഭ നിർത്തിവെച്ചു.

പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ജനറൽ നരവണെയുടെ ആത്മകഥയുടെ പ്രസിദ്ധീകരണം വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ. അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചും അതിർത്തിയിലെ ചൈനീസ് നീക്കങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ടെന്നാണ് സൂചന.

Also read: