റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച
കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറ ദൃശ്യമാകാത്തതിനാൽ വിശുദ്ധ റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാനത്ത് എവിടെയും മാസപ്പിറ കാണാത്ത സാഹചര്യത്തിൽ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.
മാസപ്പിറ നിരീക്ഷിക്കുന്നതിനായി കോഴിക്കോട്, കാപ്പാട്, പൊന്നാനി, തിരുവനന്തപുരം തുടങ്ങി വിവിധയിടങ്ങളിൽ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ന് എവിടെയും ചന്ദ്രക്കല ദൃശ്യമായില്ല. ഇതോടെ വിശ്വാസികൾ വ്യാഴാഴ്ച മുതൽ വ്രതശുദ്ധിയുടെ നാളുകളിലേക്ക് കടക്കും. ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച റമദാൻ വ്രതാരംഭം കുറിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.