ആർഡിഒ ഓഫീസിലെ സ്വർണം മുക്കുപണ്ടമായ കേസ്: സമാന്തര അന്വേഷണത്തിന് ഉത്തരവ്
തൃശൂർ: ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമായ സംഭവത്തിൽ സമാന്തര അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടർ പ്രാൺ സിങ്ങിനാണ് അന്വേഷണ ചുമതല. 2003 മുതൽ 2022 വരെ ഓഫീസിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
കോടതി നിർദ്ദേശപ്രകാരം സൂക്ഷിക്കാൻ ഏൽപ്പിച്ച എട്ടര പവൻ സ്വർണാഭരണങ്ങളാണ് കാണാതായത്. 2003ൽ മരിച്ച കാട്ടൂർ സ്വദേശിനി റംലത്തിന്റെ മക്കൾ പ്രായപൂർത്തിയാകുമ്പോൾ വിട്ടുനൽകാനായിരുന്നു കോടതി ഉത്തരവ്. എന്നാൽ 2022ൽ മക്കൾ സ്വർണം തിരികെ വാങ്ങാനെത്തിയപ്പോഴാണ് ലോക്കറിൽ ഇരുന്നത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. താലിമാല, തടവള, കമ്മൽ എന്നിവയടക്കമുള്ള ആഭരണങ്ങളാണ് മാറ്റപ്പെട്ടത്.
സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതികളെ പിടികൂടാൻ സാധിച്ചില്ലെങ്കിലും ഇരയായ കുടുംബത്തിന് സ്വർണം തിരിച്ചുനൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ വാടകവീട്ടിൽ കഴിയുന്ന റംലത്തിന്റെ മക്കൾക്ക്, നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിച്ചാൽ വീട് നിർമ്മിക്കണമെന്നാണ് ഇവരുടെ ഉമ്മുമ്മ സുലൈഖയുടെ ആഗ്രഹം.