02/03/2026
[fontresizer_tawhidurrahmandear_widget]

ശബരിമല സ്വർണക്കൊള്ള; കൂടുതൽ സ്വർണം നഷ്ടമായതായി വിഎസ്എസ്സി റിപ്പോർട്ട്

 ശബരിമല സ്വർണക്കൊള്ള; കൂടുതൽ സ്വർണം നഷ്ടമായതായി വിഎസ്എസ്സി റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണസംഘത്തിന് നിർണായകമായ വിഎസ്എസ്‌സിയുടെ അന്തിമ പരിശോധനാ റിപ്പോർട്ട് ലഭിച്ചു. ശ്രീകോവിലിലെ പാളികളിൽ നിന്ന് നേരത്തെ കരുതിയതിനേക്കാൾ കൂടുതൽ സ്വർണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്വർണപ്പാളികളിൽ നിന്ന് ലഭിച്ചത് 989 ഗ്രാം സ്വർണമാണെന്നായിരുന്നു മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവരുടെ മൊഴി. എന്നാൽ ഇത് തള്ളുന്നതാണ് പുതിയ പരിശോധനാ ഫലം. ദ്വാരപാലക വിഗ്രഹം, കട്ടിളപ്പാളി എന്നിവയിൽ നിന്ന് ഒരു കിലോയിലധികം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നഷ്ടമായ സ്വർണത്തിന്റെ കൃത്യമായ അളവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

വിഎസ്എസ്‌സി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കുറ്റപത്രം തയാറാക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. റിപ്പോർട്ട് ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും. അതേസമയം, കേസിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മൊഴി എസ്‌ഐടി വിശദമായി പരിശോധിച്ചു വരികയാണ്. ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാനും കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളെയും ഉന്നതരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Also read: