02/03/2026
[fontresizer_tawhidurrahmandear_widget]

‘ബാറ്റ് പിടിക്കാനറിയാത്തവർ ക്രിക്കറ്റ് ഭരിക്കേണ്ട’; സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

 ‘ബാറ്റ് പിടിക്കാനറിയാത്തവർ ക്രിക്കറ്റ് ഭരിക്കേണ്ട’; സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: ബാറ്റ് പിടിക്കാനറിയാത്തവരല്ല ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടതെന്ന് സുപ്രീം കോടതി. കായിക സംഘടനകളുടെ ഭരണം വിരമിച്ച കളിക്കാർക്കായിരിക്കണം നൽകേണ്ടതെന്നും വിദഗ്ധരല്ലാത്തവർ ഇത്തരം പദവികളിൽ ഇരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർണായക പരാമർശങ്ങൾ.

കഴിഞ്ഞ മാസം ആറിന് നടക്കേണ്ടിയിരുന്ന എംസിഎ തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. തെരഞ്ഞെടുപ്പിൽ സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി നേരത്തെ സ്‌റ്റേ അനുവദിച്ചത്. ഇതിനെതിരെ എംസിഎയും എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാറും നൽകിയ ഹരജികളാണ് സുപ്രീം കോടതി തള്ളിയത്.

അസോസിയേഷനിലെ അംഗങ്ങളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർധനവിനെ കോടതി രൂക്ഷമായി വിമർശിച്ചു. 1986 മുതൽ 2023 വരെ വെറും 164 അംഗങ്ങൾ മാത്രമുണ്ടായിരുന്ന അസോസിയേഷനിൽ, പെട്ടെന്ന് അംഗങ്ങളുടെ ‘ബമ്പർ നറുക്കെടുപ്പ്’ നടന്നത് എങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അസോസിയേഷനിലേക്ക് പുതിയ ആളുകളെ കൊണ്ടുവരുന്നുണ്ടെങ്കിൽ അത് പ്രശസ്തരും വിരമിച്ചവരുമായ അന്താരാഷ്ട്ര കളിക്കാർക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

‘ബാറ്റ് എങ്ങനെ പിടിക്കണമെന്ന് പോലും അറിയാത്തവർ എന്തിനാണ് സംഘടനയിലേക്ക് വരുന്നത്? കായികതാരങ്ങൾ ഉള്ളതുകൊണ്ടാണ് സ്‌പോർട്‌സ് അസോസിയേഷനുകൾ നിലനിൽക്കുന്നത്, അല്ലാതെ ഭരണാധികാരികൾ ഉള്ളതുകൊണ്ടല്ല. ഹോക്കി അസോസിയേഷൻ അറിയപ്പെടുന്നത് കളിക്കാരിലൂടെയാണ്. അവർക്ക് അർഹിക്കുന്ന ബഹുമാനം നൽകണം.’ കോടതി നിരീക്ഷിച്ചു.

രാഷ്ട്രീയ ബന്ധങ്ങളും വോട്ടർ പട്ടികയിലെ ക്രമക്കേടും ഏകദേശം 401 പുതിയ അംഗങ്ങളെ ചട്ടവിരുദ്ധമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് കേദാർ ജാദവിന്റെ ആരോപണം. ഇത്തരത്തിൽ പുതുതായി എത്തിയവരിൽ ഭൂരിഭാഗവും എംഎൽഎ രോഹിത് പവാറിന്റെ അടുത്ത ബന്ധുക്കളോ ബിസിനസ് പങ്കാളികളോ ആണെന്ന് ഹരജിയിൽ പറയുന്നു.

സുപ്രീം കോടതി നിർദ്ദേശപ്രകാരം ഹരജിക്കാർ തങ്ങളുടെ ഹരജികൾ പിൻവലിച്ചു. കേസ് ഇപ്പോൾ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ ഹൈക്കോടതി വേഗത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടു.

Also read: