മഹാരാഷ്ട്രയിൽ നിന്ന് തിരൂരിലേക്ക് 28 മണിക്കൂർ; 1000 കിലോമീറ്റർ പറന്ന് വിസ്മയമായി ഷാനവാസിന്റെ പ്രാവുകൾ
തിരൂർ: 1000 കിലോമീറ്റർ ദൂരം വെറും 28 മണിക്കൂറിനുള്ളിൽ പറന്നെത്തി തിരൂർ സ്വദേശി ഷാനവാസിന്റെ പ്രാവുകൾ വിസ്മയമായി. മഹാരാഷ്ട്രയിലെ താനെക്കടുത്തുള്ള കുഡൂസിൽനിന്ന് പറന്നുയർന്ന റേസിങ് ഹോമർ പ്രാവുകളാണ് ഉടമയായ നടുവിലങ്ങാടി പ്രിയ അക്വാപെറ്റ്സിലെ പി ഷാനവാസിന്റെ അടുത്തേക്ക് റെക്കോർഡ് വേഗത്തിൽ തിരിച്ചെത്തിയത്.
മലബാർ റേസിങ് പീജിയൻ ക്ലബ്ബും കേരള റേസിങ് പീജിയൻ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിലാണ് ഈ നേട്ടം. കഴിഞ്ഞ 19ാം തീയതി രാവിലെ ഏട്ട് മണിക്ക് കുഡൂസിൽനിന്ന് മറ്റു 79 പ്രാവുകൾക്കൊപ്പമാണ് ഇവയെ തുറന്നുവിട്ടത്. എന്നാൽ, സംഘാടകർ റോഡ് മാർഗം തിരികെ തിരൂരിലെത്തുന്നതിന് മുൻപേ, 20ാം തീയതി രാവിലെ 11.58ന് ഷാനവാസിന്റെ പ്രാവ് വീട്ടിൽ പറന്നിറങ്ങി. 1001 കിലോമീറ്റർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഷാനവാസിന്റെ പ്രാവുകൾ സ്വന്തമാക്കി. താനാളൂർ, മങ്കട സ്വദേശികളുടെ പ്രാവുകളാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തിയത്.
മത്സരത്തിന് മുന്നോടിയായി പ്രാവുകളെ ക്ലബ് ഓഫീസിലെത്തിച്ച് പ്രത്യേക ടാഗിങ് നടത്താറുണ്ട്. ലക്ഷ്യസ്ഥാനത്തെത്തുന്ന പ്രാവിന്റെ ടാഗിലെ രഹസ്യനമ്പർ സംഘാടകരുടെ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തുന്നതോടെയാണ് വിജയിയെ നിശ്ചയിക്കുന്നത്. ട്രോഫിയും ചെറിയൊരു തുകയും മാത്രമാണ് സമ്മാനമെങ്കിലും പ്രാവു വളർത്തൽ വലിയൊരു ‘ക്രേസ്’ ആയി മാറിയിരിക്കുകയാണെന്ന് ഉടമകൾ പറയുന്നു. ഹൈ ഫ്ലയർ റേസ്, റേസിങ് പീജിയൻ എന്നിങ്ങനെ രണ്ട് ഇനം മത്സരങ്ങളാണ് പ്രധാനമായും നടക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്ന ഒൻപതോളം ക്ലബ്ബുകളുണ്ട്.