02/03/2026
[fontresizer_tawhidurrahmandear_widget]

ഐപിഎല്ലിൽ ആർക്കും വേണ്ട; പിഎസ്എല്ലിൽ 14 കോടിയുടെ ചരിത്ര റെക്കോർഡുമായി സ്റ്റീവ് സ്മിത്ത്

 ഐപിഎല്ലിൽ ആർക്കും വേണ്ട; പിഎസ്എല്ലിൽ 14 കോടിയുടെ ചരിത്ര റെക്കോർഡുമായി സ്റ്റീവ് സ്മിത്ത്

ലാഹോർ: ഓസ്‌ട്രേലിയൻ ഇതിഹാസ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത് പാകിസ്ഥാൻ സൂപ്പർ ലീഗ് (PSL) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറി. ഐപിഎൽ ലേലത്തിൽ ആരും വാങ്ങാതിരുന്ന സ്മിത്തിനെ, ഏകദേശം 14 കോടി രൂപയ്ക്കാണ് (500,000 യുഎസ് ഡോളർ) പുതിയ ഫ്രാഞ്ചൈസിയായ സിയാൽകോട്ട് സ്റ്റാലിയൻസ് സ്വന്തമാക്കിയത്. പരിക്കേറ്റ മിച്ചൽ മാർഷിന് പകരക്കാരനായി ഓസ്‌ട്രേലിയൻ ടി20 ലോകകപ്പ് ടീമിൽ ഇടംനേടിയതിന് പിന്നാലെയാണ് സ്മിത്തിനെ തേടി വൻ കരാറെത്തിയത്.

11പതിപ്പിലേക്ക് കടക്കുന്ന പിഎസ്എല്ലിൽ ഇത്തവണ വലിയ മാറ്റങ്ങളാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വരുത്തിയിരിക്കുന്നത്. ദശകങ്ങളായി നിലനിന്നിരുന്ന ഡ്രാഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് ആദ്യമായി ലേല രീതി അവതരിപ്പിച്ചു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സിയാൽകോട്ട്, ഹൈദരാബാദ് എന്നീ രണ്ട് പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തിയതോടെ ലീഗിലെ ടീമുകളുടെ എണ്ണം എട്ടായി ഉയർന്നു. വിദേശ ബിസിനസുകാർ വൻ തുകയ്ക്കാണ് ടീമുകളുടെ അവകാശം സ്വന്തമാക്കിയത്. കൂടാതെ, മുൾട്ടാൻ സുൽത്താൻസിനെ ‘റാവൽപിണ്ടി’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

ബുധനാഴ്ച ലാഹോറിൽ നടന്ന ലേലത്തിൽ ഡേവിഡ് വാർണർ, ആദം സാമ്പ, ഡാരിൽ മിച്ചൽ തുടങ്ങി നിരവധി വിദേശ താരങ്ങൾ പങ്കെടുത്തു. ആകെ 103 കളിക്കാരാണ് വിവിധ ടീമുകളിലായി വിറ്റുപോയത്. പാക് താരങ്ങളിൽ 8.65 കോടി രൂപയ്ക്ക് ഇസ്ലാമാബാദ് യുണൈറ്റഡിലെത്തിയ നസീം ഷായാണ് ഏറ്റവും മൂല്യമുള്ള താരം. സെയ്ം അയൂബിനെ 12.2 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി നിലനിർത്തിയത്. ബാബർ അസമിനെ 7 കോടി രൂപയ്ക്ക് പെഷവാർ സാൽമി നിലനിർത്തി. മാർച്ച് 26 മുതൽ മെയ് 3 വരെ നടക്കുന്ന പിഎസ്എൽ ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗുമായി (IPL) നേരിട്ടാണ് ഏറ്റുമുട്ടുന്നത്.

Also read: