‘ഇനിയും 25 വർഷം ബാക്കി’; വിരമിക്കൽ ചർച്ചകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: തന്റെ പ്രായത്തെക്കുറിച്ചും രാഷ്ട്രീയ ഭാവിെയക്കുറിച്ചുമുള്ള ചർച്ചകൾക്ക് രസകരമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടന്ന ‘പരീക്ഷാ പേ ചർച്ച’ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് തന്റെ 75ാം ജന്മദിനത്തിൽ നടന്ന ഒരു ഫോൺ കോളിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. 75 വയസ്സ് തികഞ്ഞല്ലോ എന്ന് ഓർമ്മിപ്പിച്ച നേതാവിനോട്, ‘ഇനിയും 25 വർഷങ്ങൾ കൂടി ബാക്കിയുണ്ട്’ എന്നാണ് താൻ മറുപടി നൽകിയതെന്ന് മോദി പറഞ്ഞു. കഴിഞ്ഞുപോയ വർഷങ്ങളിലല്ല, വരാനിരിക്കുന്ന വർഷങ്ങളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ബിജെപിയിൽ 75 വയസ്സ് തികയുന്ന നേതാക്കൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്ന കീഴ്വഴക്കത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം ശ്രദ്ധേയമാകുന്നത്. 2025 സെപ്റ്റംബർ 17ന് പ്രധാനമന്ത്രിക്ക് 75 വയസ്സ് തികഞ്ഞതോടെ പ്രതിപക്ഷ നിരയിൽ ഇത്തരം ചർച്ചകൾ സജീവമായിരുന്നു. മുൻപ് എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന നേതാക്കൾ ഈ പ്രായപരിധിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിയത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, പ്രധാനമന്ത്രിയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങളെ ബിജെപി നേതൃത്വം പൂർണ്ണമായും തള്ളിക്കളഞ്ഞു. പാർട്ടി ഭരണഘടനയിൽ അത്തരമൊരു വിരമിക്കൽ പ്രായം നിശ്ചയിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും വ്യക്തമാക്കിയിട്ടുണ്ട്. 2029ലെ പൊതുതിരഞ്ഞെടുപ്പിലും എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദി തന്നെ തുടരുമെന്നാണ് പാർട്ടി നൽകുന്ന സൂചന.