യുപിയിൽ വന്ദേ ഭാരത് ഇടിച്ച് കൗമാരക്കാരൻ മരിച്ചു; ആശുപത്രി അടിച്ച് തകർത്ത് ബന്ധുക്കൾ, വനിതാ ഡോക്ടർമാർക്ക് നേരെ അക്രമം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഇടിച്ച് 16 വയസ്സുകാരൻ മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ ബന്ധുക്കളുടെ വൻ അക്രമം. ഇന്നലെ ഇന്ദിര നഗർ റെയിൽവേ ക്രോസിംഗിന് സമീപം നടന്ന അപകടത്തിൽ അങ്കിത് കുമാർ എന്ന കൗമാരക്കാരനാണ് മരിച്ചത്. അപകടവിവരമറിഞ്ഞ ഉടൻ പൊലീസ് അങ്കിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച അങ്കിതിനെ ഡോക്ടർമാർ പരിശോധിക്കുകയും ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ബന്ധുക്കളും ഒരു സംഘം ആളുകളും മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം തകർക്കുകയും സർക്കാർ രേഖകൾ നശിപ്പിക്കുകയും ചെയ്തു. ഡോക്ടർമാരെ അക്രമിക്കാൻ ശ്രമിച്ച സംഘത്തിൽ നിന്നും രക്ഷപെടാൻ വനിതാ ഡോക്ടർമാർക്ക് വിശ്രമമുറിയിൽ ഒളിക്കേണ്ടി വന്നു. അക്രമിസംഘം മുറിയുടെ വാതിൽ തകർക്കാൻ ശ്രമിക്കവെയാണ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
സംഭവത്തിൽ പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇന്ന് മൃതദേഹവുമായി ബന്ധുക്കൾ റോഡ് ഉപരോധിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ നീക്കം ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.