04/03/2026
[fontresizer_tawhidurrahmandear_widget]

ഇറാന്റെ ആണവ പദ്ധതി തകർക്കുന്ന മൊസാദ് ഏജന്റുമാരുടെ കഥ പറഞ്ഞ ഇസ്രയേലി നിർമാതാവ് ഏതൻസിലെ ഹോട്ടലിൽ മരിച്ച നിലയിൽ

 ഇറാന്റെ ആണവ പദ്ധതി തകർക്കുന്ന മൊസാദ് ഏജന്റുമാരുടെ കഥ പറഞ്ഞ ഇസ്രയേലി നിർമാതാവ് ഏതൻസിലെ ഹോട്ടലിൽ മരിച്ച നിലയിൽ

ഡാന ഈഡന്‍, തെഹ്റാന്‍ വെബ് സീരീസിന്‍റെ പോസ്റ്റര്‍

ഏതന്‍സ്: മൊസാദും ഇറാന്റെ ആണവ ബോംബ് മോഹങ്ങളും പ്രമേയമായ വിശ്വപ്രസിദ്ധ ‘ടെഹ്റാൻ’ സ്‌പൈ ത്രില്ലർ പരമ്പരയുടെ സ്രഷ്ടാവും നിർമാതാവുമായ ഡാന ഈഡൻ മരിച്ച നിലയിൽ. ഗ്രീസിലെ ഏതൻസിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ഇസ്രയേലി പരമ്പരയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്നു രാവിലെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

ലോകത്തെ ഏറ്റവും അപകടകാരിയായ രഹസ്യാന്വേഷണ ഏജൻസിയായി അറിയപ്പെടുന്ന ഇസ്രയേലിന്റെ ‘മൊസാദ്’, ഇറാന്റെ ആണവ ബോംബ് നിർമാണ പദ്ധതികൾ തകർക്കാൻ നടത്തുന്ന അതിസാഹസികമായ നീക്കങ്ങളാണ് ‘തെഹ്റാൻ’ എന്ന പരമ്പരയുടെ ഇതിവൃത്തം. 2020-ൽ പുറത്തിറങ്ങിയ ‘തെഹ്റാൻ’, ഇറാന്റെ തലസ്ഥാനത്തേക്കു രഹസ്യ ദൗത്യവുമായി പോകുന്ന ഒരു മൊസാദ് ഹാക്കറുടെ കഥയാണ് പറയുന്നത്. ഇതിലെ കേന്ദ്രകഥാപാത്രമായ താമർ റാബിനിയൻ എന്ന മൊസാദ് ഹാക്കർ, ഇറാന്റെ വിമാനവിരുദ്ധ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി ആണവനിലയങ്ങൾ തകർക്കാൻ ശ്രമിക്കുന്നതാണ് ആദ്യ സീസൺ അവതരിപ്പിച്ചത്. ഇസ്രയേൽ-ഇറാൻ ശത്രുതയും ആണവയുദ്ധ ഭീഷണിയും പശ്ചാത്തലമായ ഈ സീരീസ് പശ്ചിമേഷ്യൻ രാഷ്ട്രീയം അടിസ്ഥാനമായുള്ള ലോകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ്.

ഇസ്രയേലിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നിർമാതാക്കളിൽ ഒരാളായിരുന്നു ഡാന ഈഡൻ. ‘മൊസാദ്’ എന്ന ഇസ്രയേൽ ചാരസംഘത്തിന്റെ പ്രവർത്തന രീതികളെയും ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെയും കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തിയാണ് അവർ ഓരോ സീസണും ഒരുക്കിയിരുന്നത്. പ്രമുഖ ഹോളിവുഡ് താരം ഗ്ലെൻ ക്ലോസ് ഉൾപ്പെടെയുള്ളവർ അഭിനയിച്ച മൂന്നാം സീസണിന് ശേഷം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം സീസണിന്റെ പണിപ്പുരയിലായിരുന്നു അവർ.

ഇസ്രയേലും ഇറാനും തമ്മിലുള്ള നിഴൽയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമിക്കപ്പെട്ട ഈ സീരീസ്, യഥാർത്ഥ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി പശ്ചാത്തലമായുള്ളതായിരുന്നു. ഇറാനിലെ സുരക്ഷാ പഴുതുകൾ വെളിപ്പെടുത്തുന്നതും മൊസാദിന്റെ പ്രവർത്തനശൈലി അതിസൂക്ഷ്മമായി പകർത്തിയതുമായ ഈ സീരീസ് ആഗോളതലത്തിൽ വലിയ തരംഗമുണ്ടാക്കി. 2021-ൽ മികച്ച ഡ്രാമ സീരീസിനുള്ള അന്താരാഷ്ട്ര എമ്മി അവാർഡ് ലഭിച്ചതോടെ ഡാന ഈഡൻ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിർമ്മാതാവായി മാറി.

അതിപ്രധാനമായ ഒരു രാഷ്ട്രീയ സ്‌പൈ ത്രില്ലറിന്റെ നിർമാതാവ് എന്ന നിലയിൽ, ഡാനയുടെ മരണം പലവിധത്തിലുള്ള അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇറാന്റെ ആഭ്യന്തര കാര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും പരമ്പരയിലൂടെ തുറന്നുകാട്ടിയത് ഇറാനിയൻ സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. എങ്കിലും, പ്രാഥമികാന്വേഷണത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഗ്രീക്ക് പോലീസ് അറിയിച്ചു.

മരണകാരണം വ്യക്തമല്ലെങ്കിലും പ്രാഥമിക നിഗമനത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ഗ്രീക്ക് പോലീസ് അറിയിക്കുന്നത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണസമയത്ത് മുറി ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൽപിടിത്തത്തിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിലോ മുറിയിലോ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കൃത്യമായ മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

ഇസ്രയേലിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നിർമാതാക്കളിൽ ഒരാളായിരുന്നു ഡാന ഈഡൻ. ആപ്പിൾ ടിവി പ്ലസിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കപ്പെട്ട ‘തെഹ്റാൻ’, പശ്ചിമേഷ്യൻ സംഘർഷങ്ങളെ ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടിലൂടെയും ചാരന്മാരുടെ ലോകത്തിലൂടെയും ഒരുപോലെ അവതരിപ്പിക്കുന്നതായിരുന്നു. ഹോളിവുഡ് താരം ഗ്ലെൻ ക്ലോസ് ഉൾപ്പെടെയുള്ള പ്രമുഖർ അഭിനയിച്ച മൂന്നാം സീസണിന് ശേഷം, ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന നാലാം സീസണിന്റെ പണിപ്പുരയിലായിരുന്നു അവർ.

പുതിയ സീസണിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഡാന ഗ്രീസിലെത്തിയത്. ഗ്രീസിലെ ഏതൻസിനെ ഇറാന്റെ തലസ്ഥാനമായ തെഹ്റാനായി രൂപമാറ്റം വരുത്തിയായിരുന്നു ചിത്രീകരണം നടന്നിരുന്നത്.

ഡാനയുടെ വിയോഗത്തിൽ ആപ്പിൾ ടിവി പ്ലസ് അധികൃതരും ഇസ്രയേലി കലാസാംസ്‌കാരിക ലോകവും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. അസാമാന്യമായ ക്രിയാത്മകതയും ദീർഘവീക്ഷണവുമുള്ള ഒരു കലാകാരിയെയാണ് ലോകത്തിന് നഷ്ടപ്പെട്ടതെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. പശ്ചിമേഷ്യൻ ചാരവൃത്തിയുടെ കഥകൾ ലോകത്തിന് മുന്നിലെത്തിച്ച ഡാന ഈഡന്റെ വിടവാങ്ങൽ ചലച്ചിത്ര-ടെലിവിഷൻ രംഗത്ത് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഏതൻസിലെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ഉടൻ തന്നെ ഇസ്രയേലിലേക്ക് കൊണ്ടുപോകും.

Also read: