ഓട്ടോ ഡ്രൈവറുടെ ‘കണ്ണാടിയിൽ കുടുങ്ങി’ പിടികിട്ടാപ്പുള്ളി ജ്യോതി
കോട്ടയം: ഓട്ടോ ഡ്രൈവറുടെ സൂക്ഷ്മനിരീക്ഷണവും അവസരോചിതമായ ഇടപെടലും മൂലം കോട്ടയത്ത് പിടിയിലായത് പത്തോളം മോഷണക്കേസുകളിൽ പ്രതിയായ വനിതാ മോഷ്ടാവ്. മണർകാട് പുതുപ്പറമ്പിൽ പി.ആർ. മനോജ് കുമാറിന്റെ ഓട്ടോയിൽ യാത്രക്കാരിയായി കയറിയ തിരുനെൽവേലി സ്വദേശിനി ജ്യോതി (26) ആണ് പോലീസിന്റെ പിടിയിലായത്.
തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ജ്യോതി മനോജിന്റെ ഓട്ടോയിൽ കയറിയത്. ചാലുകുന്ന് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ, യുവതി തന്റെ ബാഗിൽ എന്തോ തിരയുന്നത് മനോജിന്റെ ശ്രദ്ധയിൽപ്പെട്ടു. ഓട്ടോയിലെ കണ്ണാടിയിലൂടെ ശ്രദ്ധിച്ചപ്പോൾ, യുവതി ഒരു പഴ്‌സിൽ നിന്നും പണം എടുത്ത ശേഷം അത് കാലിയാക്കി വെക്കുന്നത് മനോജ് കണ്ടു. ഉടൻ തന്നെ സംശയം തോന്നിയ മനോജ് മറ്റ് ഡ്രൈവർമാരുടെ സഹായത്തോടെ ഓട്ടോ തടയുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
പിങ്ക് പോലീസും സിവിൽ പോലീസ് ഓഫീസർമാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മയുടെ പണം മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. ചിട്ടി അടയ്ക്കാനായി വീട്ടമ്മ കരുതിയിരുന്ന പതിനായിരം രൂപയും പഴ്‌സുമാണ് ജ്യോതി കവർന്നത്. പഴ്‌സ് നഷ്ടപ്പെട്ട പരാതിയുമായി വീട്ടമ്മ പോലീസ് എയ്ഡ് പോസ്റ്റിൽ എത്തിയതോടെയാണ് മോഷണവിവരം സ്ഥിരീകരിച്ചത്. ജില്ലാ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ജ്യോതിയെ കോടതി റിമാൻഡ് ചെയ്തു. മനോജിന്റെ ധീരമായ ഇടപെടലിനെ വെസ്റ്റ് പോലീസ് എസ്.എച്ച്.ഒ എം.ജെ. അരുൺ മെമെന്റോ നൽകി ആദരിച്ചു.