02/03/2026
[fontresizer_tawhidurrahmandear_widget]

ആദിവാസി ഭൂമി വിതരണത്തിനുള്ള നറുക്കെടുപ്പ്; ചുവപ്പ് കുടത്തിലെ നറുക്ക് മുഴുവനും സിപിഎമ്മുകാർക്കെന്ന് പരാതി

 ആദിവാസി ഭൂമി വിതരണത്തിനുള്ള നറുക്കെടുപ്പ്; ചുവപ്പ് കുടത്തിലെ നറുക്ക് മുഴുവനും സിപിഎമ്മുകാർക്കെന്ന് പരാതി

നിലമ്പൂർ: ആദിവാസികൾക്കുള്ള ഭൂമി വിതരണം തർക്കത്തിലായി. നിലമ്പൂരിൽ വനംവകുപ്പ് അനുവദിച്ച ഭൂമി വിതരണം ചെയ്യുന്നതിനായുള്ള നറുക്കെടുപ്പിനിടെയാണ് രാഷ്ട്രീയ പക്ഷപാതം ആരോപിച്ച് പ്രതിഷേധം ഉയർന്നത്. ചുവപ്പ് കുടത്തിൽ നിന്ന് നറുക്കെടുത്ത പ്ലോട്ടുകളെല്ലാം സിപിഎം അനുഭാവികൾക്ക് ലഭിച്ചെന്ന പരാതിയെത്തുടർന്ന് നടപടികൾ പാതിവഴിയിൽ നിർത്തിവച്ചു.

കൊടീരി, നെല്ലിപ്പൊയിൽ, അത്തിക്കൽ, കണ്ണംകുണ്ട് എന്നിവിടങ്ങളിലായി 37 ഹെക്ടർ ഭൂമിയാണ് ഭൂരഹിതരായ ആദിവാസികൾക്കായി നീക്കിവച്ചിരിക്കുന്നത്. അത്തിക്കലിൽ 20 സെന്റ് വീതവും മറ്റ് സ്ഥലങ്ങളിൽ 40 സെന്റ് വീതവുമാണ് പ്ലോട്ടുകൾ നൽകുന്നത്. ആകെ 144 പ്ലോട്ടുകൾക്കായി അർഹരായ 417 പേരെയാണ് ഡപ്യൂട്ടി കലക്ടർ വി.ടി ഘോളിയുടെ നേതൃത്വത്തിൽ വ്യാപാരഭവനിൽ വിളിച്ചുചേർത്തത്.

തുടക്കത്തിൽ മഞ്ഞക്കുടം ഉപയോഗിച്ചായിരുന്നു നറുക്കെടുപ്പ്. എന്നാൽ നടപടികൾക്ക് വേഗം പോരെന്നാരോപിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചുവന്ന കുടം കൂടി കൊണ്ടുവന്നു. ഇതിൽ നിന്ന് നറുക്കെടുത്ത പ്ലോട്ടുകൾ മുഴുവൻ സിപിഎം സ്വാധീന മേഖലയായ മൊടവണ്ണയിൽ നിന്നുള്ളവർക്കാണ് ലഭിച്ചതെന്ന് ഗുണഭോക്താക്കൾ ആരോപിച്ചു. ആദിവാസി ഭൂസമര നേതാവ് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ നറുക്കെടുപ്പ് തടഞ്ഞു. സർക്കാർ ഉത്തരവിൽ അത്തിക്കലിലെ ഭൂമി ഉൾപ്പെട്ടിട്ടില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ കലക്ടറുടെ നിർദ്ദേശപ്രകാരം നറുക്കെടുപ്പ് നിർത്തിവയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് ഭക്ഷണം ക്രമീകരിച്ചിരുന്നെങ്കിലും നറുക്കെടുപ്പിനെത്തിയ ആദിവാസികൾ പട്ടിണിയിലായത് വേദനിപ്പിക്കുന്ന കാഴ്ചയായി.

Also read: