റമദാൻ ഇളവ്: യുഎഇയിൽ സ്വകാര്യ മേഖലയിലും പ്രവൃത്തി സമയം കുറച്ചു
ദുബൈ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയം കുറച്ചു. ദിവസേനയുള്ള ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് വരുത്താനാണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഉത്തരവിട്ടത്. സാധാരണ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ജോലി ചെയ്യുന്നവർക്ക് ഈ ഇളവ് വലിയ ആശ്വാസമാകും. നിശ്ചിത സമയ പരിധിക്കപ്പുറം ജോലി ചെയ്യുന്നവർക്ക് ഓവർടൈം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും.
സ്ഥാപനത്തിന്റെ പ്രവർത്തന സ്വഭാവമനുസരിച്ച് മറ്റു രീതികളോ ‘വർക്ക് ഫ്രം ഹോം’ സംവിധാനമോ നടപ്പിലാക്കാൻ കമ്പനികൾക്ക് അനുമതിയുണ്ട്. നേരത്തെ പൊതുമേഖലയിലെ പ്രവൃത്തി സമയവും മന്ത്രാലയം പുനക്രമീകരിച്ചിരുന്നു. ഇതനുസരിച്ച് സർക്കാർ ഓഫീസുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും, വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും പ്രവർത്തിക്കുക.
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം യുഎഇയിൽ ഈ മാസം 19 വ്യാഴാഴ്ച റമദാൻ വ്രതാരംഭം കുറിക്കാനാണ് സാധ്യത. ജോലി ഭാരം കുറയ്ക്കുന്നത് ജീവനക്കാർക്ക് പ്രാർത്ഥനകൾക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും കൂടുതൽ അവസരം നൽകും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യക്ഷമമായി ജോലി പൂർത്തിയാക്കാൻ മാറ്റം സഹായിക്കുമെന്ന് എച്ച്ആർ വിദഗ്ധർ വിലയിരുത്തുന്നു.