ഹൈന്ദവ സംസ്‌കാരത്തിന് വിരുദ്ധം; വാലന്റൈൻസ് ഡേ ആഘോഷമാണെന്ന് ആരോപിച്ച് ചാരിറ്റി പരിപാടിഅലങ്കോലമാക്കി ബജ്‌റംഗ് ദൾ
ഇൻഡോർ : മധ്യപ്രദേശിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ചാരിറ്റി പരിപാടിയിൽ അതിക്രമിച്ചു കയറി ബജ്‌റംഗ് ദൾ പ്രവർത്തകർ. ഇൻഡോറിലുള്ള എൻഎംഐഎംഎസ് ക്യാമ്പസിൽ അധികൃതരുടെ അനുമതിയോടെ സംഘടിപ്പിച്ച ‘ബേക്ക് ആൻഡ് സെയിൽ’ എന്ന ചാരിറ്റി ഫണ്ട് സ്വരൂപണ പരിപാടിയാണ് തീവ്ര ഹിന്ദുത്വ അനുയായികൾ അലങ്കോലമാക്കിയതെന്നാണ് റിപ്പോർട്ട്.
വാലന്റൈൻസ് ഡേ ഹൈന്ദവ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും പൂക്കളും ഭക്ഷണസാധനങ്ങളും വിൽക്കുന്ന പരിപാടി അതിന്റെ ഭാഗമാണെന്നും ആരോപിച്ചായിരുന്നു അതിക്രമം. പരിപാടിക്കായി ഒരുക്കിയ അലങ്കാരങ്ങളും കസേരകളും മേശകളും തല്ലിതകർത്തു. പരിഭ്രാന്തരായ വിദ്യാർത്ഥികൾ ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവ സ്ഥലത്തെത്തിയ പോലീസ് വിദ്യാർഥികളെ സുരക്ഷി സ്ഥലത്തേക്ക് മാറ്റുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അനുമതിയില്ലാതെ ക്യാമ്പസിൽ പ്രവേശിച്ച് നാശനഷ്ടങ്ങൾ വരുത്തിയ സംഘത്തിനെതിരെ സിസിടിവി പരിശോധിച്ച് നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.