കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണു; 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: നഗരത്തിന്റെ വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ബീച്ചിന് സമീപത്തെ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്. നിലവിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗണായി പ്രവർത്തിക്കുകയായിരുന്നു കെട്ടിടം.
ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കിയ ശേഷം കെട്ടിടത്തിന് താഴെ ഷട്ടറിനോട് ചേർന്ന് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഈ സമയത്താണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മുകളിലെ സ്ലാബ് ഇവർക്ക് മേൽ പതിച്ചത്. അവിടെയുണ്ടായിരുന്ന ഏഴുപേരിൽ രണ്ടുപേർ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. സ്ലാബിനടിയിൽ കുടുങ്ങിയ അഞ്ചുപേരെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
അമ്പത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ ദ്രവിച്ച അവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ബീമുകൾ പലതും പൊട്ടിത്തൂങ്ങിയ നിലയിലാണ്. അപകടസ്ഥലം സന്ദർശിച്ച മേയർ ബീന ഫിലിപ്പ്, കെട്ടിടം പൂർണ്ണമായും അപകടാവസ്ഥയിലാണെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.