28/03/2026
[fontresizer_tawhidurrahmandear_widget]

‘നീയെന്റെ ചങ്ക് അല്ലേ’; കൂട്ടുകാരനെ രക്ഷിക്കാൻ നായയുടെ കടി വാങ്ങി പത്തുവയസ്സുകാരൻ

 ‘നീയെന്റെ ചങ്ക് അല്ലേ’; കൂട്ടുകാരനെ രക്ഷിക്കാൻ നായയുടെ കടി വാങ്ങി പത്തുവയസ്സുകാരൻ

തിരുവല്ല: കളിക്കൂട്ടുകാരനെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ സ്വയം കടിവാങ്ങി പത്തുവയസ്സുകാരന്റെ സാഹസികത. പെരിങ്ങര വേങ്ങൽ തൂമ്പുങ്കൽ ജോസഫ് മാത്യുവിന്റെ മകൻ ക്രിസ് മാത്യു ജോസഫാണ് (10) തന്റെ കൂട്ടുകാരനായ ദർശനെ വളർത്തുനായയിൽ നിന്ന് രക്ഷിച്ചത്. ആക്രമണത്തിൽ ക്രിസിന്റെ വലതുതുടയിൽ ആഴത്തിൽ കടിയേറ്റു.

കഴിഞ്ഞദിവസം ജോസഫ് മാത്യുവിന്റെ വീട്ടുമുറ്റത്ത് ഇരുവരും കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. തീറ്റ നൽകാനായി കൂട് തുറന്നപ്പോൾ പുറത്തുചാടിയ വളർത്തുനായ ദർശനെ ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ക്രിസ് ഒട്ടും വൈകാതെ ദർശനെ വലിച്ചുയർത്തി സമീപത്തെ നാലടി ഉയരമുള്ള കമ്പിവേലിക്ക് അപ്പുറത്തേക്ക് സുരക്ഷിതമായി മാറ്റി. പിന്നാലെ ഓടിയെത്തിയ നായയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ക്രിസിന് കടിയേറ്റത്.

തുടർന്ന് ക്രിസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി ളായിക്കാട് മേരി റാണി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ക്രിസ്. മുറിവേറ്റെങ്കിലും തന്റെ പ്രിയ സുഹൃത്തിന് ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഈ കൊച്ചു മിടുക്കൻ. ക്രിസിന്റെ ധീരമായ പ്രവർത്തിക്ക് നാട്ടുകാരും സ്കൂൾ അധികൃതരും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Also read: