30/03/2026
[fontresizer_tawhidurrahmandear_widget]

ഉത്സവാഘോഷത്തിനിടെ കാലിൽചവിട്ടി, നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു; ആറുപേർ അറസ്റ്റിൽ

 ഉത്സവാഘോഷത്തിനിടെ കാലിൽചവിട്ടി, നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു; ആറുപേർ അറസ്റ്റിൽ

കൊട്ടിയം: ക്ഷേത്രോത്സവത്തിനിടെ ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്നാരോപിച്ച് 19-കാരനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന തേജസാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെയും അവർക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 8.30-ഓടെ മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു ആക്രമണം. ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുകയായിരുന്ന തേജസ് അബദ്ധത്തിൽ പ്രതികളുടെ കാലിൽ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് പ്രതികൾ തേജസിനെ വളഞ്ഞിട്ട് മർദിക്കുകയും സംഘത്തിലെ ആദിത്യൻ (19) കൈവശമുണ്ടായിരുന്ന കത്തികൊണ്ട് വയറ്റിലും ഇടുപ്പിലും കുത്തുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ പിടിച്ചു വെച്ചു കൊടുത്തു. ഫ്ലോട്ടിലെ ഉച്ചത്തിലുള്ള സംഗീതവും വെളിച്ചവും കാരണം അക്രമം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

പ്രതികളായ ആദിത്യൻ, വിനു, പ്രിജിത്, അഖിൽരാജ് എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ പ്രതികളെ പുലർച്ചെയോടെ വെളിച്ചിക്കാലയിലുള്ള അഖിൽ രാജിന്റെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികൾക്ക് അഭയം നൽകിയതിനാണ് അഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ വിനു മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.

മാരകമായി പരിക്കേറ്റ തേജസിനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11.30-ഓടെ മരണം സംഭവിക്കുകയായിരുന്നു. സൗമ്യയാണ് തേജസിന്റെ അമ്മ, ലച്ചു ഏക സഹോദരിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also read: