10/06/2026
[fontresizer_tawhidurrahmandear_widget]

ഇനി വിമാനത്തിൽ ഇഷ്ടസീറ്റിന് അധികം പണം നൽകേണ്ട; 60% സീറ്റുകൾ സൗജന്യമാക്കാൻ കേന്ദ്ര നിർദ്ദേശം

 ഇനി വിമാനത്തിൽ ഇഷ്ടസീറ്റിന് അധികം പണം നൽകേണ്ട; 60% സീറ്റുകൾ സൗജന്യമാക്കാൻ കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന നിർണ്ണായക പരിഷ്കാരങ്ങളുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം. വിമാനക്കമ്പനികൾ ഈടാക്കുന്ന അമിതമായ സീറ്റ് സെലക്ഷൻ ചാർജുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട്, ഓരോ വിമാനത്തിലെയും കുറഞ്ഞത് 60 ശതമാനം സീറ്റുകൾ യാതൊരു അധിക നിരക്കും കൂടാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. വിമാനയാത്ര കൂടുതൽ സുതാര്യവും സാധാരണക്കാർക്ക് പ്രാപ്യവുമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഒരേ പി.എൻ.ആറിൽ (PNR) ടിക്കറ്റ് ബുക്ക് ചെയ്യുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിമാനത്തിൽ പലയിടങ്ങളിലായി വേർതിരിച്ചിരുത്താൻ പാടില്ല. സാധ്യമാകുന്നിടത്തെല്ലാം ഇവരെ ഒന്നിച്ച് ഇരുത്താൻ വിമാനക്കമ്പനികൾ ശ്രദ്ധിക്കണം. കൂടാതെ, വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചുള്ള വിവരങ്ങൾ വിമാനത്താവളങ്ങളിലും ബുക്കിംഗ് ആപ്പുകളിലും പ്രാദേശിക ഭാഷകളിൽ ഉൾപ്പെടെ നിർബന്ധമായും പ്രദർശിപ്പിക്കണം.

ബാഗേജ് നിയമങ്ങളിലും മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കായിക ഉപകരണങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. വിമാനത്താവളങ്ങളിൽ കുറഞ്ഞ നിരക്കിലുള്ള ഭക്ഷണശാലകൾ, സൗജന്യ വൈഫൈ, ‘ഫ്ലൈബ്രറി’ തുടങ്ങിയ സൗകര്യങ്ങളും ഉടൻ നിലവിൽ വരും. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറുന്ന പശ്ചാത്തലത്തിൽ, യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Also read: