29/03/2026
[fontresizer_tawhidurrahmandear_widget]

കിരീടത്തിനൊപ്പം കോടികളും; ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

 കിരീടത്തിനൊപ്പം കോടികളും; ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ലക്‌നൗ: 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സ്വന്തം റെക്കോർഡ് തിരുത്തിക്കൊണ്ടാണ് ബിസിസിഐ വമ്പൻ തുക പ്രഖ്യാപിച്ചത്. 2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കിരീടം നേടിയപ്പോൾ നൽകിയ 125 കോടി രൂപയെന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ കിവികളെ തകർത്താണ് സൂര്യകുമാർ യാദവും സംഘവും ചരിത്രം കുറിച്ചത്. ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടത്തിനൊപ്പം മൂന്ന് തവണ കിരീടം നേടുന്ന ഏക രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. ഫൈനലിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. ടൂർണമെന്റിലുടനീളം മികച്ച ഫോം തുടർന്ന മലയാളി താരം സഞ്ജു സാംസൺ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തzരഞ്ഞെടുക്കപ്പെട്ടു.

ബിസിസിഐക്ക് പുറമെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ജേതാക്കൾക്ക് വൻ തുക സമ്മാനമായി നൽകി. കിരീടം നേടിയ ഇന്ത്യയ്ക്ക് ഏകദേശം 27.48 കോടി രൂപ ലഭിച്ചു. കൂടാതെ ഗ്രൂപ്പ് ഘട്ടത്തിലെയും സൂപ്പർ 8 ഘട്ടത്തിലെയും ഓരോ വിജയങ്ങൾക്കും പ്രത്യേക ബോണസും ടീമിന് ലഭിക്കും.

പുരുഷ-വനിതാ-അണ്ടർ 19 വിഭാഗങ്ങളിലായി നിലവിൽ അഞ്ച് ഐസിസി ട്രോഫികളാണ് ഇന്ത്യയുടെ കൈവശമുള്ളത്. 2024 ലെ ടി20 ലോകകപ്പ്, 2025 ലെ ചാമ്പ്യൻസ് ട്രോഫി, വനിതാ ഏകദിന ലോകകപ്പ്, അണ്ടർ 19 ലോകകപ്പ് എന്നിവയ്ക്ക് പിന്നാലെ ഈ വിജയവും ചേർന്നതോടെ ആഗോള ക്രിക്കറ്റിൽ ഇന്ത്യയുടെ ആധിപത്യം പൂർണമായിരിക്കുകയാണ്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പും 2027 ലെ ഏകദിന ലോകകപ്പും ലക്ഷ്യമിട്ടാണ് ടീം ഇന്ത്യയുടെ അടുത്ത പ്രയാണം.

Also read: