സി.സി മുകുന്ദൻ ബിജെപിയിൽ; നാട്ടികയിൽ സ്ഥാനാർഥിയാകാൻ സാധ്യത
തൃശൂർ: ഇടതുകോട്ടയായ നാട്ടികയിൽ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് സിറ്റിങ് എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിൽ ചേർന്നു. ഇന്ന് ഉച്ചയോടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി മുകുന്ദൻ തന്നെ രംഗത്തിറങ്ങാനാണ് സാധ്യത.
സിപിഐ വിട്ടതിന് പിന്നാലെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ മുകുന്ദൻ ശ്രമം നടത്തിയിരുന്നു. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിയെങ്കിലും, നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചതോടെ യുഡിഎഫ് സാധ്യതകൾ മങ്ങുകയായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ബിജെപി നേതാവ് കെ അജിത്ത് വഴി നടത്തിയ ചർച്ചകളാണ് മുകുന്ദനെ എൻഡിഎ പാളയത്തിലെത്തിച്ചത്.
പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മുകുന്ദന്റെ മാറ്റം തൃശൂരിലെ എൽഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സിപിഐ സ്ഥാനാർത്ഥി ഗീത ഗോപിക്കെതിരെ ജനകീയനായ മുകുന്ദനെ ഇറക്കുന്നതിലൂടെ മണ്ഡലത്തിൽ അട്ടിമറി വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. പണം നൽകുന്നവർക്ക് സീറ്റ് നൽകുന്നു എന്ന തന്റെ മുൻ ആരോപണങ്ങൾ ബിജെപി വേദിയിൽ ആയുധമാക്കിയേക്കും.