ഇസ്രയേലിൽ യുദ്ധം മുതലെടുത്ത് വാഹനക്കള്ളന്മാർ വിലസുന്നു; മോഷണക്കേസിൽ റെക്കോർഡ് വർധന
തെല് അവീവ്: ഇസ്രയേലിൽ യുദ്ധസമാനമായ അന്തരീക്ഷവും മിസൈൽ ആക്രമണങ്ങളും തുടരുമ്പോഴും വാഹന മോഷ്ടാക്കൾക്ക് വിശ്രമമില്ല. 2026-ന്റെ ആദ്യ പാദത്തിൽ ഇസ്രയേലിൽ വാഹന മോഷണങ്ങളിൽ വൻ വർധന രേഖപ്പെടുത്തിയതായി ഹീബ്രു മാധ്യമം ’വല്ല’ റിപ്പോർട്ട് ചെയ്തു. സൈനിക-സുരക്ഷാ നിരീക്ഷണ ഏജൻസിയായ ’ഇതുരാൻ’ പുറത്തുവിട്ട റിപ്പോർട്ട് ഉദ്ധരിച്ചാണ് ’വല്ല’ വാർത്ത പ്രസിദ്ധീകരിച്ചത്. ജനങ്ങൾ മിസൈൽ ഭീതിയിൽ കഴിയുമ്പോൾ ഈ സാഹചര്യം മോഷ്ടാക്കൾ തന്ത്രപരമായി ഉപയോഗിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
‘ഓപറേഷൻ ലയൺസ് റോർ’ ആരംഭിച്ച മാർച്ച് ആദ്യ വാരത്തിലാണ് ഏറ്റവും കൂടുതൽ മോഷണങ്ങൾ നടന്നത്. മാർച്ച് രണ്ടിനാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വാഹന മോഷണം റിപ്പോർട്ട് ചെയ്തത്. മോഷണങ്ങൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യകളാണെന്നും റിപ്പോർട്ട് പറയുന്നു.
58 ശതമാനം മോഷണങ്ങളും ഒബിഡി സോക്കറ്റുകൾ വഴി കാർ കമ്പ്യൂട്ടറുകളിൽ ഹാക്ക് ചെയ്താണ് നടക്കുന്നത്. 19 ശതമാനം കേസുകളിൽ ഉടമസ്ഥരുടെ പക്കൽനിന്ന് താക്കോൽ കൈക്കലാക്കിയാണ് മോഷണം. വാരാന്ത്യത്തിലെ വ്യാഴാഴ്ചകളിലാണ് മോഷ്ടാക്കൾ ഏറ്റവും കൂടുതൽ സജീവമാകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മോഷണം പോകുന്ന വാഹനങ്ങളിൽ 60 ശതമാനവും തെൽ അവീവ് മേഖലയിൽനിന്നുള്ളവയാണ്. ഇവ ഹൈവേ 443 വഴി ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള റാമല്ല, തുൽക്കറം, ഖൽഖിലിയ, ഹെബ്രോൺ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കടത്തുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ജറുസലേമിൽ മാത്രം വാഹന മോഷണത്തിൽ 33 ശതമാനം വർധനവുണ്ടായി.
വാഹന മോഷ്ടാക്കളുടെ 115 സംഘങ്ങളെ ഇതുവരെ പിടികൂടാൻ ഇതുരാൻ സുരക്ഷാ സംവിധാനങ്ങൾ സഹായിച്ചതായി സിഇഒ നിര് ഷെറെറ്റ്സ്കി അറിയിച്ചു. യുദ്ധവും സുരക്ഷാ ഭീഷണിയും നിലനിൽക്കുമ്പോൾ പോലീസിന്റെയും സൈന്യത്തിന്റെയും ശ്രദ്ധ അതിർത്തികളിലേക്ക് മാറുന്നത് മോഷ്ടാക്കൾക്ക് സഹായകരമാകുന്നുണ്ട്. ജനങ്ങൾ ബോംബ് ഷെൽട്ടറുകളിലേക്ക് ഓടുമ്പോൾ ആ നിശബ്ദത മുതലെടുത്താണ് മോഷണങ്ങൾ നടക്കുന്നത്.
ഇസ്രയേലിൽ ഉടനീളം വാഹന സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഏജൻസി കൂടിയാണ് ഇതുരാൻ. ഇതുരാന്റെ അത്യാധുനിക കൺട്രോൾ സെന്റർ ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കുന്നു. ഏതൊരു ഇസ്രയേലി മൊബൈൽ ഫോണിൽനിന്നും ഇതുരാൻ കൺട്രോൾ സെന്ററുമായി നേരിട്ട് ബന്ധപ്പെടാം. ജിപിഎസ്, ടെലിമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നിവ ഉപയോഗിച്ച് മോഷണങ്ങൾ മുൻകൂട്ടി തടയാൻ ഇതുരാൻ ശ്രമിക്കുന്നു. എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ വാഹനങ്ങളുടെ തത്സമയ സ്ഥാനം, സഞ്ചാര പാത എന്നിവ കൃത്യമായി നിരീക്ഷിക്കുന്നു.
മോഷണം റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ ഇതുരാന്റെ പ്രത്യേക മൊബൈൽ ഫീൽഡ് സ്റ്റാഫ് രംഗത്തിറങ്ങുകയും, പോലീസ് സഹായത്തോടെ വാഹനം വീണ്ടെടുക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ‘ഇതുരാൻ APP’ വഴി ഉപഭോക്താക്കൾക്ക് കൺട്രോൾ സെന്ററുമായി നേരിട്ട് ആശയവിനിമയം നടത്താം.
ഇസ്രയേലിൽ വേരുകളുള്ള കമ്പനിയാണെങ്കിലും, ലാറ്റിൻ അമേരിക്ക ഉൾപ്പെടെ 20-ലധികം രാജ്യങ്ങളിൽ ഇതുരാൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും ഇതുരാൻ സേവനങ്ങൾ ഉപയോഗിക്കുന്നത് വാഹന മോഷണവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു.