യുദ്ധവകുപ്പുമായി കൈകോർത്ത് ഓപ്പൺഎഐ; ചാറ്റ്ജിപിടി ഉപേക്ഷിച്ച് അമേരിക്കക്കാർ, അൺഇൻസ്റ്റാളിൽ 295% വർധന
വാഷിങ്ടൺ: ലോകപ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐ, യുഎസ് പ്രതിരോധ വകുപ്പുമായി (DoD) പങ്കാളിത്തം പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയിൽ വലിയ രീതിയിലുള്ള ഉപയോക്തൃ പ്രതിഷേധം. സൈനിക ആവശ്യങ്ങൾക്കായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെയുള്ള വിയോജിപ്പ് മൂലം യുഎസിൽ ചാറ്റ്ജിപിടി മൊബൈൽ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണത്തിൽ 295 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി പ്രതിദിനം ഒമ്പത് ശതമാനം മാത്രം അൺഇൻസ്റ്റാൾ നിരക്ക് രേഖപ്പെടുത്താറുള്ള സ്ഥാനത്താണ് അപ്രതീക്ഷിത തിരിച്ചടി.
മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറിന്റെ റിപ്പോർട്ട് പ്രകാരം, പങ്കാളിത്ത വാർത്ത പുറത്തുവന്നതോടെ ചാറ്റ്ജിപിടിയുടെ വൺ-സ്റ്റാർ റേറ്റിങ്ങുകൾ 775 ശതമാനം വർദ്ധിച്ചു. നിരീക്ഷണം, ഇന്റലിജൻസ് വിശകലനം, പ്രവർത്തന ആസൂത്രണം തുടങ്ങിയ സൈനിക പ്രവർത്തനങ്ങളിൽ പൊതു ആവശ്യത്തിനുള്ള എഐ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന വിമർശകരുടെ വാദമാണ് ബഹിഷ്‌കരണത്തിന് പിന്നിൽ. ഇതോടെ, സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ആന്ത്രോപിക്കിന്റെ ‘ക്ലോഡ്’ (Claude) പോലുള്ള ബദൽ പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപയോക്താക്കൾ കൂട്ടത്തോടെ മാറുകയാണ്. ജനുവരി മാസത്തെ അപേക്ഷിച്ച് ക്ലോഡിന്റെ ഡൗൺലോഡുകളിൽ 20 മടങ്ങ് വർദ്ധനവുണ്ടായതായി സിമിലർവെബ് റിപ്പോർട്ട് ചെയ്യുന്നു.
അക്കൗണ്ടുകൾ ഒഴിവാക്കുന്നതിന് മുൻപായി ഉപയോക്താക്കൾ തങ്ങളുടെ സംഭാഷണങ്ങളും വിവരങ്ങളും സുരക്ഷിതമായി മാറ്റുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനായി ചാറ്റ്ജിപിടി സെറ്റിങ്‌സിലെ ഡാറ്റ കൺട്രോൾസ് വിഭാഗത്തിൽ പോയി വിവരങ്ങൾ എക്‌സ്‌പോർട്ട് ചെയ്യാവുന്നതാണ്. സ്ഥിരീകരണം നൽകിക്കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കിലൂടെ ഡാറ്റ ഡൗൺലോഡ് ചെയ്യാം. എച്ച്ടിഎംഎൽ, ജെസൺ ഫോർമാറ്റുകളിൽ ലഭ്യമാകുന്ന വിവരങ്ങൾ .zip ഫയലായാണ് ലഭിക്കുക. വ്യക്തിഗത ചാറ്റുകൾ വേഗത്തിൽ സേവ് ചെയ്യാൻ ബ്രൗസറിലെ ‘പ്രിന്റ് ടു പിഡിഎഫ്’ സൗകര്യവും പ്രയോജനപ്പെടുത്താം.