ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ അതിക്രമിച്ചു കയറി പിരിച്ചുവിട്ട കരാറുകാരൻ മാനേജരെയും ഡെപ്യൂട്ടി മാനേജരെയും വെടിവച്ചു കൊന്നു
ലക്നൗ: ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) പ്ലാന്റിൽ അതിക്രമിച്ചു കയറിയ അക്രമി രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്ലാന്റ് മാനേജർ സുധീർ ഗുപ്ത, ഡെപ്യൂട്ടി മാനേജർ ഹർഷിത് മിശ്ര എന്നിവരാണ് കൊല്ലപ്പെട്ടത്.
കമ്പനിയിലെ മുൻ കരാറുകാരനായിരുന്ന അജയ് സിങ് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്ലാന്റിലേക്ക് ആയുധവുമായി അതിക്രമിച്ചു കയറിയ അക്രമി ഉദ്യോഗസ്ഥർക്ക് നേരെ വളരെ അടുത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം വെടിയേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
കമ്പനിയിലെ ക്രമക്കേടുകളെത്തുടർന്ന് രണ്ട് മാസം മുമ്പാണ് അജയ് സിങിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി പുറത്താക്കിയത്. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ ഡെപ്യൂട്ടി മാനേജർ ഹർഷിത് മിശ്ര ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ അജയ് സിങ് ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും വിവരമുണ്ട്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തെത്തുടർന്ന് എച്ച്പിസിഎൽ പ്ലാന്റിലും പരിസരത്തും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.