തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഏപ്രിൽ 9ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23 ന്, ബംഗാളിൽ രണ്ട് ഘട്ടം
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. അസം, പുതുച്ചേരി എന്നിവിടങ്ങളിലും അന്നേ ദിവസം തന്നെ ജനവിധി എഴുതും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-ന് ആയിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.
തമിഴ്നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക, ഏപ്രിൽ 23-ന് ആദ്യഘട്ടവും ഏപ്രിൽ 29-ന് രണ്ടാം ഘട്ടവും നടക്കും. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ ഇന്നു മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
കേരളത്തിൽ എൽഡിഎഫ് മൂന്നാം തുടർച്ചയായ ഭരണം ലക്ഷ്യമിടുമ്പോൾ, അധികാരം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് യുഡിഎഫ്. സംസ്ഥാനത്ത് നിലവിൽ 2.70 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1.38 കോടി സ്ത്രീകളും 1.32 കോടി പുരുഷന്മാരും 227 ഭിന്നലിംഗ വോട്ടർമാരും ഉൾപ്പെടുന്നു. കന്നി വോട്ടർമാരുടെ എണ്ണം 4.24 ലക്ഷമാണ്.
തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തുടർച്ചയ്ക്കായി പോരാടുമ്പോൾ, എഐഎഡിഎംകെയും നടൻ വിജയിന്റെ ടിവികെയും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നാലാം തവണയും അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ്. ബിജെപി, സിപിഎം-കോൺഗ്രസ് സഖ്യം എന്നിവരും ഇവിടെ സജീവമാണ്. അസമിലും പുതുച്ചേരിയിലും ഭരണം നിലനിർത്താൻ ബിജെപിയും അധികാരം പിടിക്കാൻ കോൺഗ്രസും വാശിയിലാണ്.